കരുനാഗപ്പള്ളി: ടൗണിൽ എവിടെ നോക്കിയാലും അവിടെല്ലാം പൂക്കൾ നിറഞ്ഞ ചെടികൾ കാണാം. അരളിയും ചെമ്പരത്തിയും നന്ത്യാർവട്ടവുമൊക്കെ ആളുകളെ അതിശയിപ്പിച്ചാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്. ഈ തിരക്കുള്ള നഗരത്തിൽ എങ്ങനെയിത്ര പൂക്കൾ എന്നാണ് പലരും ചിന്തിക്കുന്നത്.
ആ അതിശയത്തിന്റെ ക്രെഡിറ്റെല്ലാം കരുനാഗപ്പള്ളി നഗരസഭയ്ക്കുള്ളതാണ്. ഒരുവർഷം മുൻപ് നഗരസഭ നട്ടുനനച്ച ചെടികളാണ് ഇപ്പോൾ പൂത്തുലഞ്ഞ് ടൗണിനെ പൂങ്കാവനമാക്കിയിരിക്കുന്നത്.
ലാലാജി ജംഗ്ഷന് തെക്കുവശം മുതൽ വടക്കോട്ട് പുതിയകാവ് മുസ്ലീം എൽ.പി.എസ് സ്കൂളിന് സമീപം വരെയാണ് ചെടികൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. ഒരു വർഷത്തിന് മുമ്പ് കരുനാഗപ്പള്ളി നഗരസഭ തുടങ്ങി വച്ച നഗര സൗന്ദര്യവത്ക്കരണമാണ് ടൗണിന്റെ മുഖച്ഛായ ഈ വിധം മാറ്റി മറിച്ചത്.
ഒത്തുചേർന്നൊരുക്കിയ പൂക്കാലം
2020 ജനുവരി 1 നാണ് നഗരസഭയും ഫയർഫോഴ്സും ശ്രീ വിദ്യാധിരാജ ആർട്ട്സ് ആൻഡ് സയൻകോളേജും ഒത്തുചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പടിഞ്ഞാറ് വശം മുതൽ തെക്കോട്ട് ലാലാജി ജംഗ്ഷൻ വരെ ദേശീയപാതയുടെ മദ്ധ്യഭാഗത്ത് കൂടി നിർമ്മിച്ചിട്ടുള്ള ഡിവൈഡറുകളിലാണ് ചെടികൾ നട്ട് പിടിപ്പിച്ചത്. 650 ചെടികളായിരുന്നു ആദ്യഘട്ടത്തിൽ നട്ടത്. രണ്ടാംഘട്ടപദ്ധതിക്ക് സഹായം നൽകിയത് കാപ്പക്സ് ആയിരുന്നു. ലാലാജി ജംഗ്ഷൻ മുതൽ തെക്കോട്ട് 150 ചെമ്പരത്തി ചെടികളാണ് നട്ട് പിടിപ്പിച്ചത്. മൂന്നാം ഘട്ടത്തിൽ പുള്ളിമാൻ ജംഗ്ഷൻ മുതൽ വടക്കോട്ട് മുസ്ലീം എൽ.പി സ്കൂളിന് സമീപം വരെ 550 ചെടികൾ നട്ട് പിടിപ്പിച്ചു. അരുളി, ചെമ്പരത്തി, നമ്പ്യാർവട്ടം, കടലാസ് ചെടി, നീലാബരം, തുടങ്ങി 25 ഓളം ഇനത്തിൽ പെട്ട ചെടികളാണ് നട്ട് വളർത്തുന്നത്. നഗരസഭയും പൊതുജനങ്ങളുമാണ് ചെടികളെ പരിപാലിക്കുന്നത്.
ദുർഗന്ധം പരത്തിയ നഗരം
ഒരു വർഷത്തിന് മുമ്പ് വരെ കരുനാഗപ്പള്ളി ടൗൺ പൂർണമായും ദുർഗന്ധ പൂരിതമായിരുന്നു. കടകളും വഴിവാണിഭക്കാരും പുറം തള്ളിയിരുന്ന മാലിന്യമായിരുന്നു ടൗണിനെ നാണംകെടുത്തിയിരുന്നത്. നഗരസഭ 7 ടണ്ണോളം മാലിന്യങ്ങളാണ് ദിവസവും ടൗണിൽ നിന്നും ശേഖരിച്ചിരുന്നത്. നഗരസഭയുടെ അധീനധയിൽ ഉള്ള കേശവപുരം ശ്മശാനത്തിലായിരുന്നു മാലിന്യങ്ങൾ നിക്ഷേപിച്ചത്.ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ നഗരസഭ ഉറവിട മാലിന്യ സംസ്കരണത്തിന് തുടക്കം കുറിച്ചു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണമെന്ന ഉറച്ച നിലപാട് നഗരസഭാ അധികൃതർ സ്വീകരിച്ചു. ഇതോടെ ടൗണിലെ മാലിന്യത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങി. നിലവിൽ പ്ലാസ്റ്റിക്ക് മാത്രമാണ് നഗരസഭ ശേഖരിക്കുന്നത്.ടൗൺ മാലിന്യ മുക്തമായതോടെ നഗരസൗന്ദര്യവത്ക്കരണത്തിന് നഗരസഭ തുടക്കം കുറിച്ചു. 50000 ത്തോളം രൂപാ നഗര സൗന്ദര്യവത്ക്കരണത്തിനായി ചെലവിട്ടു. കരുനാഗപ്പള്ളി നഗരസഭയുടെ പുതിയ പദ്ധതി കരുനാഗപ്പള്ളിയിലെ മറ്റുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണ്.