chinnakkada
പണിമുടക്കിനെ തുടർന്ന് ആളൊഴിഞ്ഞ ചിന്നക്കടയിലെ ബസ് ബേ

 സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല

കൊല്ലം: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ വാഹന പണിമുടക്ക് ജില്ലയിലെ പൊതുഗതാഗതത്തെ ഭാഗികമായി ബാധിച്ചു. സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ ഓടിയില്ലെങ്കിലും ഫാസ്റ്റ് പാസഞ്ചറുകൾ ഭാഗികമായി നിരത്തിലിറങ്ങി.

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഓട്ടോറിക്ഷകൾ സർവീസ് നടത്തി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സ്റ്റാൻഡുകളിലും ഓട്ടോറിക്ഷകൾ ഭാഗികമായി സർവീസ് നടത്തി. സർക്കാർ ഓഫീസുകളിലെ ഹാജർനിലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ലെങ്കിലും തിരക്ക് നന്നേ കുറവായിരുന്നു.

ജീവനക്കാരെ എത്തിക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വാഹനങ്ങൾ ഏർപ്പാടാക്കിയിരുന്നു. കമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്കുണ്ടായില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ചിലത് തുറന്ന് പ്രവർത്തിച്ചില്ല.

 കെ.എസ്.ആർ.ടി.സി; ഐ.എൻ.ടി.യു.സി പണിമുടക്കിയില്ല

ഇന്നലത്തെ പണിമുടക്കിൽ കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ പങ്കെടുത്തില്ല. ബി.എം.എസ് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഓർഡിനറി സർവീസുകളിലധികവും മുടങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി ഇന്നലെ ജില്ലയിൽ 113ലധികം സർവീസുകൾ നടത്തി. കൊല്ലം - 13, കരുനാഗപ്പള്ളി- 19, ചാത്തന്നൂർ- 30, കൊട്ടാരക്കര- 51 എന്നിങ്ങനെയാണ് ഇന്നലത്തെ സർവീസുകളുടെ എണ്ണം.