mukesh

കൊല്ലം: ജില്ലയിൽ നിന്നുള്ള സി.പി.എം എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ.വിജയസാദ്ധ്യത മുന്നിൽക്കണ്ടാണിത്. തുടർച്ചയായി രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിബന്ധനയിൽ മേഴ്സിക്കുട്ടി അമ്മയ്ക്ക് ഇളവു നൽകണമെന്നും ഇന്നലെ ചേർന്ന യോഗം ആവശ്യപ്പെട്ടു.ഇളവ് ലഭിച്ചില്ലെങ്കിൽ കുണ്ടറയിൽ ചിന്താ ജെറോം, എസ്.എൽ. സജികുമാർ എന്നിവരെ പരിഗണിക്കും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിന്റെ പേരാണുള്ളത്. ഇളവ് നൽകിയാൽ ഐഷാ പോറ്റിയെ വീണ്ടും മത്സരിപ്പിക്കും.ചവറയിൽ എൻ. വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയനെ മത്സരിപ്പിക്കും. സിറ്റിംഗ് എം.എൽ.എമാരായ എം. മുകേഷ് കൊല്ലത്തും എം. നൗഷാദ് ഇരവിപുരത്തും വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ പിന്തുണയ്ക്കാനും തീരുമാനമായി.സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായ ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. പത്തനാപുരത്ത് കേരളാ കോൺഗ്രസിനും (ബി),​ ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സി.പി.ഐക്കുമാണ് സീറ്റ്.