asramam-esi
ആശ്രാമം ഇ.എസ്.ഐ ആശുപത്രി

കൊല്ലം: ഇ.എസ്.ഐ കോർപ്പറേഷന്റെ ആശ്രാമത്തെ ആശുപത്രിക്ക് സ്വന്തമായി വമ്പൻ കെട്ടിടവും കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും നിറയെ ഡോക്ടർമാരുമുണ്ട്. പക്ഷേ ഗുരുതര രോഗങ്ങളുമായി എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് തടിയൂരുന്ന പണിയാണ് ഇവിടെ നടക്കുന്നതെന്ന് മാത്രം. ഫലത്തിൽ ചെറു ഡിസ്പെൻസറികളുടെ നിലവാരത്തിലേക്ക് തരംതാഴുകയാണ് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി.!

ഐ.സി.യു ഇല്ലാത്തതിനാലാണ് രോഗികളെ റഫർ ചെയ്യുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്ന ന്യായം. എന്നാൽ ഐ.സി.യു പ്രവർത്തിച്ചിരുന്ന സമയത്തും സ്ഥിതി സമാനമായിരുന്നു. അവശരായി എത്തുന്ന രോഗികളെ പരിശോധിക്കാൻ പോലും തയ്യാറാകാതെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കാനുള്ള തിടുക്കമാണ് ചിലർക്ക്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തൊഴിലാളികളും ജീവനക്കാരുമാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. റഫർ ചെയ്തെത്തുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കുമെങ്കിലും ഓരോന്നിനും അപ്പപ്പോൾ പണമടയ്ക്കണം. പിന്നെ വർഷങ്ങൾ കഴിഞ്ഞേ ഇ.എസ്.ഐ കോർപ്പറേഷനിൽ നിന്ന് ഈ തുക തിരികെ ലഭിക്കൂ. പുറത്തുനിന്ന് വാങ്ങുന്ന ആയിരം രൂപയിൽ താഴെയുള്ള മരുന്നിന്റെ പണത്തിനായി പോലും ഒരു വർഷത്തിലേറെ കാത്തിരിക്കുന്നവരുണ്ട്.

 ഐ.സി.യുവിന് താഴുവീണിട്ട് രണ്ടരമാസം

ആശ്രാമം ഇ.എസ്.ഐ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഇപ്പോൾ 15 സ്പെഷ്യാലിറ്റികൾക്ക് പുറമേ 6 സൂപ്പർ സ്പെഷ്യാലിറ്റികളും ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടർമാരുമുണ്ട്. എന്നാൽ ശസ്ത്രക്രിയ നടത്താനും അത്യാസന്ന നിലയിലുള്ളവരെ ചികിത്സിക്കാനും ഐ.സി.യുവില്ല. സ്വകാര്യ പങ്കാളിത്തത്തോടെ ഐ.സി.യു പ്രവർത്തിച്ചിരുന്നെങ്കിലും പൂട്ടിയിട്ട് രണ്ടര മാസമായി. ഇ.എസ്.ഐ കോർപ്പറേഷൻ നേരിട്ട് ഐ.സി.യു പ്രവർത്തിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.

 15 സ്പെഷ്യാലിറ്റികൾ,

 6 സൂപ്പ‌ർ സ്പെഷ്യാലിറ്റികൾ

 200 കിടക്കകൾ

 പ്രതിദിനം ചികിത്സ തേടുന്നത്: 1000 പേർ (ശരാശരി)

'' മെഡിക്കൽ ഐ.സി.യു ഇല്ലാത്തതിനാൽ ശസ്ത്രക്രിയ പോലെയുള്ള ചികിത്സകൾ നടക്കില്ല. അതുകൊണ്ടാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ റഫർ ചെയ്യുന്നത്. നേരിട്ട് ഐ.സി.യു പ്രവർത്തിപ്പിക്കുന്നത് ഇ.എസ്.ഐ കോർപ്പറേഷന്റെ പരിഗണനയിലാണ്.''

ഡോ. ദേവദാസൻ (ഡെപ്യൂട്ടി സൂപ്രണ്ട്)