കൊല്ലം: പെൻഷൻ വിതരണം കഴിഞ്ഞ രണ്ടു ദിവസമായി താളം തെറ്റിയിരിക്കുകയാണെന്നും സെർവർ തകരാറിന്റെ മറവിൽ പെൻഷൻ നൽകുന്നത് താമസിപ്പിക്കാൻ നീക്കം നടക്കുകയാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.
പെൻഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ നടത്തിയ ജില്ലാ ട്രഷറി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, ഡി. അശോകൻ, എം. രാമചന്ദ്രൻ പിള്ള, ബി.എസ്. കാശിനാഥൻ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം ജില്ലാ ട്രഷറി ലെയ്‌സൺ ഓഫീസറും അസി. ജില്ലാ ട്രഷറി ഓഫീസറും പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് രണ്ടു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.