
കൊല്ലം : നഗരത്തിലെ മികച്ച വ്യവസായങ്ങളിലൊന്നായ പേയിംഗ് ഗസ്റ്റ് നടത്തിപ്പ് ന്യൂജെൻ രീതിയിലേക്ക് മാറുന്നു. സൗജന്യ വൈഫൈ, താമസിക്കുന്ന വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് വാഹനസൗകര്യം, താത്കാലിക ഉപയോഗത്തിനായി ഇരുചക്രവാഹനങ്ങൾ നൽകൽ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. വാഹന സൗകര്യത്തിന് പ്രത്യേകം തുക നൽകണമെന്ന് മാത്രം. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലെത്തുന്നവർ ആദ്യം അന്വേഷിക്കുന്നത് സുരക്ഷിതവും അത്യാവശ്യം സൗകര്യമുള്ളതുമായ താമസ സ്ഥലമാണ്. ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് സംവിധാനവുമാണ് മിക്കവർക്കും താത്പര്യം. സ്ത്രീകളും പെൺകുട്ടികളും കൂടുതലായും തിരഞ്ഞെടുക്കുന്നത് പേയിംഗ് ഗസ്റ്റ് സംവിധാനമാണ്.
ലൈസൻസ് ആവശ്യം
പേയിംഗ് ഗസ്റ്റ് നടത്തുന്നവരിൽ പലർക്കും ലൈസൻസില്ല എന്നതാണ് വാസ്തവം. നഗരസഭയിൽ നിന്നാണ് ലൈസൻസ് നേടേണ്ടത്. കെട്ടിടം വാടകയ്ക്കാണെങ്കിൽ കെട്ടിടഉടമയുടെ സമ്മതപത്രം, കരം അടച്ച രസീത്, ഫയർ ആൻഡ് സേഫ്ടി സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ചെറിയതുക മാത്രമാണ് ഫീസെങ്കിലും നടപടിക്രമങ്ങൾ കർശനമാണ്.
സൗജന്യ വൈഫൈ
വീട്ടിലുണ്ടാകുന്ന സമയം മുഴുവൻ സൗജന്യ വൈഫൈ നൽകുമെന്നാണ് പലരുടെയും വാഗ്‌ദാനം. താമസക്കാരിൽ കൂടുതലും വിദ്യാർത്ഥികളും ജീവനക്കാരുമായതിനാൽ രാവിലെയും വൈകിട്ടും മാത്രമേ വൈഫൈ ഉപയോഗമുണ്ടാകൂ.
മുതൽമുടക്ക് കുറവ്
വലിയ മുതൽമുടക്കില്ലാതെ പേയിംഗ് ഗസ്റ്റ് നടത്തിപ്പുകാരാകാൻ സാധിക്കുമെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. വീട്ടിലുണ്ടാക്കുന്ന ആഹാരം തന്നെ ഇവർക്കും ലഭ്യമാക്കാം. സ്ത്രീകളാണ് താമസക്കാരെങ്കിൽ പാചകത്തിനും മറ്റും ഇവർ സഹായിക്കുമെന്നതും പ്രത്യേകതയാണ്. ഒപ്പം ജോലിചെയ്യുന്നവരെക്കൂടി താമസസ്ഥലത്തേക്ക് ആകർഷിച്ചാൽ കമ്മിഷനും വാടകയിൽ ഇളവും നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഒരു വീട്ടിൽ അഞ്ച് മുതൽ പത്തുപേർ വരെ താമസിക്കുന്ന സ്ഥലങ്ങളും നഗരത്തിലുണ്ട്.
താമസക്കാർ: 5 മുതൽ 10 വരെ (ഒരു വീട്ടിൽ)
ഫീസ് : 5000 മുതൽ 10000 രൂപ വരെ
ഭക്ഷണം: ആഴ്ചയിൽ മൂന്ന് ദിവസം മീൻ, ഒരു ദിവസം ഇറച്ചി, ബാക്കിയുള്ള ദിവസം വെജിറ്റേറിയൻ