gandhibhavan
gandhibhavan

പത്തനാപുരം: ഗാന്ധിഭവനിൽ തുടർച്ചയായ 16ാം വർഷവും സ്‌നേഹഗ്രാമം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. കാരുണ്യമുന്നണി, സ്‌നേഹമുന്നണി എന്നിങ്ങനെ രണ്ട് മുന്നണികളിലായി 9 സ്ഥാനാർത്ഥികൾ വീതം മത്സരിച്ചപ്പോൾ കാരുണ്യമുന്നണിയിൽ നിന്ന് അഞ്ച് പേരും സ്‌നേഹമുന്നണിയിൽ നിന്ന് നാല് പേരും തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമം, അച്ചടക്കം, ശുചിത്വം, ഭക്ഷണം, കാർഷികം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് നിർവഹിക്കപ്പെടുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രണ്ട് വർഷം തുടർച്ചയായി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ കാരുണ്യമുന്നണി സ്ഥാനാർത്ഥി ചന്ദ്രമോഹനെ അട്ടിമറിച്ച് മുംബൈയിൽ സ്‌കൂൾ മാനേജരായി പ്രവർത്തിച്ചിരുന്ന സ്‌നേഹമുന്നണി സ്ഥാനാർത്ഥി ആലപ്പുഴ വണ്ടാനം സ്വദേശി എൺപത്തിഅഞ്ചുകാരനായ ആർ. ഗോപാലകൃഷണൻ വിജയിച്ചു. ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജരും മുൻ സെയിൽസ് ടാക്സ് ഓഫീസറുമായിരുന്ന വിജയൻ ആമ്പാടിയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. ഗാന്ധിഭവനിലെ തിരഞ്ഞെടുക്കപ്പെട്ട സേവനപ്രവർത്തകരായിരുന്നു പ്രിസൈഡിംഗ് ഓഫീസർമാർ.

തിരഞ്ഞെടുക്കപ്പെട്ടവർ

സ്‌നേഹമുന്നണിയിലെ ഗോപാലകൃഷ്ണനെ പ്രസിഡന്റായും കാരുണ്യമുന്നണിയിലെ കൊല്ലം കണ്ണനല്ലൂർ സ്വദേശി മേരിക്കുട്ടിയെ വൈസ് പ്രസിഡന്റായും സ്‌നേഹമുന്നണിയിലെ തിരുവനന്തപുരം മണക്കാട് സ്വദേശി ആർ.എസ്. രമേശിനെ ക്ഷേമകാര്യ ചെയർമാനായും ഏകകണ്‌ഠേന തിരഞ്ഞെടുത്തു. കൊല്ലം നീണ്ടകര സ്വദേശി സരിത, തിരുവനന്തപുരം നന്തിയോട് സ്വദേശി മഞ്ജു, കർണാടക സ്വദേശി ഷക്കാന, കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ, ആലപ്പുഴ കരുവാറ്റ സ്വദേശി ഓമന, ആലപ്പുഴ ഹരിപ്പാട് സ്വദേശി ഓമന എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.

വിജയികൾക്ക് അഭിനന്ദനം

വിജയികളെ അഭിനന്ദിക്കുവാൻ ചീഫ് ഇലക്ഷൻ കമ്മിഷണർ ആമ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.

സത്യപ്രതിജ്ഞാചടങ്ങ് ഗാന്ധിഭവൻ സ്‌നേഹമന്ദിർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട മഹിളാമന്ദിരം സൂപ്രണ്ട് പ്രിയാ ചന്ദ്രശേഖരൻ നായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും സ്ഥാനാർത്ഥികൾ അതേറ്റുപറഞ്ഞ് അധികാരമേൽക്കുകയും ചെയ്തു.