kudivellam
''കുടിവെള്ളവിതരണം വൈകും'' വിളക്കുടി-മേലില-വെട്ടിക്കവല കുടിവെള്ള പദ്ധതി

കുന്നിക്കോട് : ഇത്തവണയും വിളക്കുടി-മേലില-വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ല. മൂന്ന് ഗ്രാമപഞ്ചായത്തിലെയും ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നിർമാണം തുടങ്ങിയ കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണി തുടങ്ങിയ പദ്ധതി അറ് വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. നബാർഡിന്റെ 24.15 കോടി രൂപ ധനസഹായം ഒന്നാംഘട്ടത്തിൽ ലഭിച്ച കുടിവെള്ള പദ്ധതി, 2015ലാണ് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിർമ്മാണം തുടങ്ങിവെച്ചത്.

കാടുകയറി കുടിവെള്ള പദ്ധതി

പദ്ധതിക്കായി വിളക്കുടി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ മഞ്ഞമൺകാലയിൽ സജ്ജമാക്കിയ ജലശുദ്ധീകരണശാലയിൽ വൈദ്യുതി കണക്ഷൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചെങ്കിലും നാളിതുവരെ ട്രയൽ റൺ നടത്താൻ കഴിഞ്ഞിട്ടില്ല. രണ്ടാംഘട്ടത്തിൽ ജലവിതരണത്തിന് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ വൈകിയതാണ് ഇതിന് കാരണം. പ്ലാന്റും പരിസരവും കാട്മൂടിയും ഉപകരണങ്ങൾ മിക്കതും തുരുമ്പിച്ച് നശിച്ച അവസ്ഥയിലുമാണ്. പത്തനാപുരം നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട കുടിവെള്ള പദ്ധതികളിൽ മൂന്നാമത്തേതാണിത്.

പുനലൂർ കൃഷ്ണൻ കോവിലിന് സമീപമുള്ള കല്ലടയാറ്റിൽ നിന്ന് കുണ്ടറ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് വഴിയാണ് ഈ പദ്ധതിക്കും വെള്ളമെടുക്കുന്നത്. ഇവിടെ നിന്ന് മഞ്ഞമൺകാലയിലുള്ള ജലശുദ്ധീകരണശാലയിലും സമീപത്തുള്ള ടാങ്കിലും വെള്ളമെത്തിക്കും. ഇവിടത്തെ ജലശുദ്ധീകരണശാലയിൽ 10.3 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട്. മഞ്ഞമൺകാലയിൽ ശുദ്ധീകരിക്കുന്ന ജലം കുന്നിക്കോട് പച്ചിലമലയിലും താന്നിത്തടത്തിലുമുള്ള സംഭരണികളിൽ എത്തിക്കും. കൂടാതെ തലച്ചിറയിലും ചേത്തടിയിലുമുള്ള പഴയ ജലസംഭരണികൾ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള വിതരണം സുഗമമാക്കും.

ജലജീവൻ മിഷൻ പദ്ധതിയിൽ

കേന്ദ്ര-സംസ്ഥാന വിഹിതത്തിനൊപ്പം പഞ്ചായത്ത് ഉപഭോക്തൃവിഹിതവും വിനിയോഗിച്ചാണ് രണ്ടാംഘട്ട ജോലികൾ ചെയ്യേണ്ടത്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കുടി, മേലില ഗ്രാമപഞ്ചായത്തുകൾ തുക അനുവദിക്കുകയും ടെൻഡർ നടപടികളാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്ന പ്രാഥമിക നടപടികൾ പോലും തുടങ്ങിയിട്ടില്ല. കൂടാതെ, വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തന്നെ ഇരണൂരും താന്നിത്തടത്തിലും രണ്ട് ജലസംഭരണികൾ സജ്ജമാക്കാനുണ്ടെങ്കിലും അതിന്റെ സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയിട്ടില്ല. ഇതിന് പുറമേ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുറഞ്ഞത് നാലിടത്തെങ്കിലും പൈപ്പ് ലൈനുകൾ റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്. അതിന്റെ നടപടികളും എങ്ങുമെത്തിയിട്ടില്ല.