പുനലൂർ: കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന കുടുംബത്തിന് താമസ സൗകര്യം ഒരുക്കി നഗരസഭയിലെ ജനപ്രതിനിധികൾ മാതൃകയായി. പുനലൂർ നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ അരവിന്ദാക്ഷൻ എന്നിവരാണ് തകർന്ന വീട് വാസയോഗ്യമാക്കി നൽകിയത്. നഗരസഭയിലെ കക്കോട് വാർഡിൽ താഴെകടവാതുക്കൽ ബിജുവിന്റെ വീടാണ് കഴിഞ്ഞ മാസത്തെ കാറ്റിൽ തകർന്നത്. വൃദ്ധമാതാവും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളെയും വാർഡ് കൗൺസിലർ എത്തി വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ ഒരു മാസത്തിനുള്ളിൽ തകർന്ന വീടിന്റെ മേൽക്കൂര മാറ്റി നവീകരിച്ച ശേഷം ബിജുവിനെയും കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. .നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ ഭദ്ര ദീപം തെളിച്ചാണ് ഗൃഹ പ്രവേശനം നടത്തിയത്. വാർഡ് കൗൺസിലർ അരവിന്ദാക്ഷൻ, എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം പ്രസിഡന്റ് ശ്യാംരാജ്, ഷാജി, ഷാനവാസ് റോയൽസ്, അജയൻ,രാധാകൃഷ്ണൻ നായർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.