
ജില്ലാതല ഹരിതചട്ട കോ ഓർഡിനേഷൻ കമ്മിറ്റിയായി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഹരിതചട്ടം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. രാഷ്ട്രീയ നേതാക്കൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നിബന്ധനകൾ പാലിക്കാതെ പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
നിരീക്ഷണത്തിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല ഹരിതചട്ട കോ ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി. കമ്മിറ്റിയിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കൺവീനറും സിറ്റി പൊലീസ് കമ്മീഷണർ, റൂറൽ എസ്.പി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ, നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, ക്ലീൻ കേരള മാനേജർ എന്നിവർ അംഗങ്ങളുമായിരിക്കും.
നിർബന്ധമാണ് ഇക്കാര്യങ്ങൾ
01. കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്തതോ എഴുതി തയ്യാറാക്കിയതോ ആയ ബോർഡുകൾ, പേപ്പർ, പോസ്റ്ററുകൾ, പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ പ്രചാരണത്തിനായി ഉപയോഗിക്കാം.
02. പ്രിന്റ് ചെയ്തിരിക്കുന്ന വസ്തു, പ്രിന്റ് ചെയ്ത സ്ഥാപനം എന്നിവ രേഖപ്പെടുത്തിയിരിക്കണം.
03. പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ബാനറുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ, തോരണങ്ങൾ, നൂലുകൾ, റിബണുകൾ, ഹാരങ്ങൾ, തെർമ്മോക്കോൾ ഉപയോഗിക്കുന്ന ആർച്ചുകൾ, പി.വി.സി ബോർഡുകൾ എന്നിവ പാടില്ല.
04. ഒറ്റത്തവണ ഉപയോഗിക്കുന്ന ഫ്ളക്സ്, വിനയൽ പോലുള്ള പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കൾ ഉപയോഗിക്കരുത്. കോട്ടൺ തുണിക്ക് മാത്രമാണ് അനുമതി.
05. ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണത്തിന് പുനരുപയോഗ സാദ്ധ്യമായ ഗ്ലാസുകളും പ്ലേറ്റുകളും മാത്രം ഉപയോഗിക്കണം.
06. ഡിസ്പോസബിൾ വസ്തുക്കളും (പേപ്പർ, പ്ലാസ്റ്റിക്, തെർമ്മോക്കോൾ) പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാരവസ്തുക്കളും ഉപയോഗിക്കരുത്.
ഹരിതചട്ട ലംഘനം അറിയിക്കാം: 0474 -2791910