esi

കൊല്ലം: സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ആശ്രാമം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റിയാക്കാനുള്ള നീക്കങ്ങൾ അദൃശ്യകേന്ദ്രങ്ങൾ നിരന്തരം പൊളിക്കുന്നു. 2017ൽ നൂറ് കിടക്കകൾ കൂടി ഒരുക്കാൻ ഇ.എസ്.ഐ കോർപ്പറേഷൻ തത്വത്തിൽ അനുമതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ആശുപത്രിയിലെ മൂന്ന് നിലകളുള്ള ന്യൂ ബ്ലോക്കിൽ രണ്ട് നിലകൾ കൂടി നിർമ്മിക്കാനുള്ള പദ്ധതിയും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ആശ്രാമം ഇ.എസ്.ഐ ആശുപത്രി 2013ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കിയത്. ഇതേസമയം ഏറ്രെടുത്ത് സൂപ്പർ സെപ്ഷ്യാലിറ്റിയാക്കിയ ചെന്നൈ കെ.കെ നഗറിലെയും ബംഗളൂരു രാജാജി നഗറിലെയും ഇ.എസ്.ഐ ആശുപത്രികൾ കൂടുതൽ കിടക്കകളും ചികിത്സാ സൗകര്യങ്ങളുമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളായി.

ആശ്രാമം ആശുപത്രിയിൽ ഉള്ള സൗകര്യങ്ങൾ കൂടി ദിനംപ്രതി ഇല്ലാതാവുകയാണ്. കൊവിഡ് കാരണം ഇപ്പോൾ കിടത്തിചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറച്ചിരിക്കുകയാണ്. അതിന് മുൻപ് 200 കിടക്കകളിലും നിരന്തരം രോഗികളുണ്ടാകും. കിടക്ക ഇല്ലാത്തതിനാൽ ശസ്ത്രക്രിയ ഒരുമാസം വരെ നീട്ടുന്നതും പതിവായിരുന്നു. കൊവിഡ് വ്യാപനം കുറയുന്നതോടെ പഴയ സ്ഥിതിയിലേക്ക് പോകും. അപ്പോൾ രോഗികൾ കിടക്കകൾക്കായി നെട്ടോട്ടമോടുന്ന സ്ഥിതി വീണ്ടും ഉണ്ടാകും.

 രോഗികൾ വെയിലേറ്റ് തളരുന്നു

പ്രതിദിനം ആയിരത്തിലേറെ പേർ ഒ.പിയിലെത്തുന്ന ഇവിടെ രോഗികൾക്കും ഒപ്പമെത്തുന്നവർക്കും ഇരിക്കാൻ ഇരിപ്പിടങ്ങളോ വിശ്രമ കേന്ദ്രങ്ങളോ ഇല്ല. ഒ.പികൾക്ക് മുന്നിൽ വിരലിലെണ്ണാവുന്ന കസേരകളേയുള്ളു. വെയിലേറ്റ് ആശുപത്രിയുടെ തിണ്ണകളിലാണ് രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കുന്നത്.

''

നാലുമാസം മുൻപ് ശസ്ത്രക്രിയയ്ക്ക് വേണ്ടി പലതവണ വന്നിട്ടും നടത്തിയില്ല. ഒടുവിൽ സ്വകാര്യ ആശുപത്രിയിലാണ് പോയത്. പ്രധാനപ്പെട്ട ചികിത്സകൾക്ക് ഇ.എസ്.ഐ ആശുപത്രിയിൽ എത്തിയാൽ ഒഴിവാക്കി വിടുന്നതാണ് പതിവ്.

സിന്ധു, അത്തം ഹൗസ്, അയത്തിൽ

''

നിസാര രോഗങ്ങൾക്കേ ഇവിടെ ചികിത്സയുള്ളു. ഹാജരില്ലെന്ന പേരുപറഞ്ഞ് സ്കാനിംഗിനും ശസ്ത്രക്രിയകൾക്കും പുറത്തേക്ക് പറഞ്ഞുവിടും.

എസ്. സുമ, കണ്ണമത്ത് വീട്, പുന്തലത്താഴം