
കൊല്ലം പോർട്ടിലേക്ക് സിമന്റുമായി വിദേശകപ്പൽ
കൊല്ലം: യു.എ.ഇയിലെ ജബൽഅലിയിൽ നിന്ന് പതിനായിരം ടൺ സിമന്റുമായി വിദേശ കപ്പൽ ഈമാസം അവസാനവാരം കൊല്ലം പോർട്ടിലെത്തും. തടസങ്ങളില്ലാതെ ചരക്കുനീക്കം നടന്നാൽ ജബൽഅലിയിൽ നിന്നുള്ള സിമന്റ് നീക്കം സ്ഥിരം സർവീസാകും.
കൊല്ലം പോർട്ടിൽ ആദ്യമായാണ് വിദേശരാജ്യത്ത് നിന്ന് സിമന്റ് കൊണ്ടുവരുന്നത്. ചെന്നൈയിലുള്ള സ്വകാര്യ ഏജൻസിക്ക് വേണ്ടി കൊല്ലം ആസ്ഥാനമായുള്ള എസ്.എസ് ഷിപ്പിംഗ് കമ്പിനിയാണ് കപ്പൽ കൊണ്ടുവരുന്നത്. വിയറ്റ്നാം രജിസ്ട്രേഷനിലുള്ള കപ്പലിൽ അടുത്തയാഴ്ച ലോഡ് കയറ്റി തുടങ്ങും. അവിടെ നിന്ന് പുറപ്പെടുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഐ.എസ്.ആർ.ഒക്കുള്ള ഉപകരണങ്ങളുമായി കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലം പോർട്ടിൽ ഏറ്റവും ഒടുവിൽ കപ്പൽ എത്തിയത്. വിദേശത്ത് നിന്ന് മണൽ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
തർക്കം ഉണ്ടായില്ലെങ്കിൽ സ്ഥിരം സർവീസ്
യു.എ.ഇയിൽ നിന്നുള്ള സിമന്റ് കൊല്ലം പോർട്ടിന് പുറത്തിറങ്ങുമ്പോൾ 340 രൂപയേ ആകുള്ളുവെന്നാണ് നിലവിലെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് നിലവിൽ സിമന്റ് വില 390 രൂപയ്ക്ക് മുകളിലാണ്. എന്നാൽ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായില്ലെങ്കിൽ കൊല്ലം പോർട്ടിലേക്ക് സ്ഥിരമായി സിമന്റെത്തും. ഇത് ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ നിർമ്മാണ മേഖലയ്ക്ക് ഏറെ സഹായകരമാകും.
നേട്ടം ചുമട്ടുതൊഴിലാളികൾക്കും
ജബൽഅലിയിൽ നിന്നുള്ള സിമന്റ് സർവീസ് സ്ഥിരമായാൽ ഏറെ നേട്ടം ചുമട്ടുതൊഴിലാളികൾക്കാണ്. തൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെട്ടാൽ ആദ്യ സർവീസിൽ തന്നെ ചരക്കുനീക്കം അവസാനിക്കും. കപ്പൽ അടുപ്പിക്കുന്നതിന് പുറമേ സിമന്റ് സംഭരിക്കാൻ ഗോഡൗൺ ഉപയോഗിക്കുന്ന വകയിലും കൊല്ലം പോർട്ടിന് സ്ഥിരം വരുമാനമാകും.
സിമന്റ് വില
നിലവിൽ: 390 രൂപ
കൊല്ലത്ത് എത്തിക്കുമ്പോൾ: 340 രൂപ
എത്തിക്കുന്നത്: 10,000 ടൺ
''
സിമന്റ് സർവീസ് വിജയിച്ചാൽ വിദേശത്ത് നിന്ന് മണൽ, വളം എന്നിവ എത്തിക്കാൻ നടക്കുന്ന നീക്കങ്ങൾക്ക് പ്രചോദനമാകും.
മഹാദേവൻ
എസ്.എസ് ഷിപ്പിംഗ് കമ്പനി ഉടമ