photo

 രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾക്ക് പതിനാറാണ്ട്

കൊല്ലം: രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾക്ക് പതിനാറാണ്ട് പിന്നിട്ടിട്ടും സംഗീതസാന്ദ്രമാകാതെ രാഗസരോവരം!. ഹൃദയരാഗങ്ങളുടെ ശില്പി വിടവാങ്ങിയ 2005ൽ ജന്മനാടായ കുളത്തൂപ്പുഴയിൽ സ്മാരകമൊരുക്കാൻ തീരുമാനിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.

ഓർമ്മദിനമായ ഇന്നലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാറും സംഘവും നിർമ്മാണം വിലയിരുത്താൻ എത്തിയിരുന്നു. 2009 ജനുവരി 31ന് ഗാനഗന്ധർവൻ യേശുദാസാണ് സ്മാരക മന്ദിരത്തിന് ശില പാകിയത്. തുറന്നുവച്ച പുസ്തകത്തിൽ ചാരിവച്ചിരിക്കുന്ന സംഗീത ഉപകരണമാണ് രാഗസരോവരത്തിന്റെ മാതൃക. ഒ.എൻ.വി കുറുപ്പാണ് പേരിട്ടത്.

കാവ്യ സംഗീത ശില്പ നിർമ്മാണത്തിന് രാജീവ് അഞ്ചലിന്റെ നേതൃത്വം കൂടിയായപ്പോൾ സംഗീതാസ്വാദകർ ഒരുപാട് പ്രതീക്ഷ പുലർത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. 24 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും 'പുസ്തകം' തുറന്നില്ല!. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് രാഗസരോവരം പൂർത്തിയാക്കാൻ പരിശ്രമം തുടങ്ങിയതോടെ സർക്കാർ 90 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിനാൽ ഈ തുകകൂടി ചേർത്താണ് നിർമ്മാണം പുരോഗമിക്കുന്നത്.

 പരിശീലന കേന്ദ്രം വൈകും

രാഗസരോവരം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയാലും ഇവിടം സംഗീതസാന്ദ്രമാകാൻ ഇനിയും സമയമെടുക്കും. പരിശീലന കേന്ദ്രത്തിനുള്ള സജ്ജീകരണങ്ങൾ രണ്ടാം ഘട്ടമായിട്ടേ എത്തുകയുള്ളു. ഉപകരണങ്ങൾ വാങ്ങേണ്ടതുമുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രതിഭകളെ എത്തിച്ച് പരിശീലനം നൽകുകയാണ് പ്രഥമ ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ടും വേണം.

 ഓർമ്മകളിലെന്നും...

മലയാളികളുടെ ചുണ്ടിൽ എന്നും തത്തിക്കളിക്കുന്ന പാട്ടുകളാണ് രവീന്ദ്രൻ മാഷിന്റേത്. കൊല്ലം കുളത്തൂപ്പുഴയിൽ മാധവൻ- ലക്ഷ്മി ദമ്പതികളുടെ ഒൻപത് മക്കളിൽ ഏഴാമനാണ് രവീന്ദ്രൻ. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി പിന്നണി ഗായകനാകാൻ മദ്രാസിലെത്തി. 1966ൽ ബാബുരാജിന്റെ സഹായത്തോടെ വെള്ളിയാഴ്ച എന്ന ചിത്രത്തിന് വേണ്ടി ആദ്യഗാനം പാടി. മുപ്പതിൽ പരം പാട്ടുകൾ പാടിയ ശേഷം കുറച്ചുകാലം ഡബിംഗ് ആർട്ടിസ്റ്റായി. ശശികുമാറിന്റെ 'ചൂള" എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. തുടർന്ന് ഇരുനൂറിൽപരം ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. ഭരതം, നന്ദനം എന്നിവയിലെ ഗാനങ്ങൾക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. 2005 മാർച്ച് 3ന് ചെന്നൈയിലായിരുന്നു അന്ത്യം.

''

സർക്കാർ വിഹിതവും ഉൾപ്പെടുത്തിയുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. ആഗസ്റ്റിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കും.

പി. അനിൽകുമാർ, പ്രസിഡന്റ്

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്