
സത്യപ്രതിജ്ഞ കഴിഞ്ഞ ആദ്യനാളുകളിൽ പത്തനാപുരം ബ്ളോക്ക് പഞ്ചായത്ത്പ്രസിഡന്റ് എ. ആനന്ദവല്ലിയോട് പലർക്കും അതൃപ്തിയായിരുന്നു. ചിലരൊക്കെ വഴിമാറി നടന്നു. തങ്ങളെ തൊഴുത് നടന്നയാൾ തങ്ങളെയും നാടിനെയും ഭരിക്കാൻ കസേരയിലിരുന്നത് പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതോടെ ആനന്ദവല്ലിയും മനസിലുറപ്പിച്ചു, തോറ്റുപിന്മാറാൻ താൻ ഒരുക്കമല്ല. വായിച്ചറിയാം അസാധാരണമായ ഒരു സ്ത്രീവിജയം
'ഇച്ഛാശക്തിയിൽ പുരുഷനെ വെല്ലാൻ കഴിവുണ്ട് സ്ത്രീയ്ക്ക് ,
കരുത്തും കരളും കാവ്യവും മുഖശ്രീയുമാണവൾ
സഹിക്കാൻ ഭൂമിയോളവും ഉയിർക്കാൻ
ആകാശത്തോളവും ചേതനയുണ്ടവൾക്ക് ""...
- ഓഷോ...
ആനന്ദം നിറഞ്ഞു തുളുമ്പുകയാണ് ആനന്ദവല്ലിയുടെ ഹൃദയത്തിലാകമാനം. ഇത് സത്യമാണോ സ്വപ്നമാണോ എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. തൂപ്പുകാരിയായിരുന്നപ്പോൾ താൻ ബഹുമാനത്താൽ തല കുനിച്ച് നിന്നിരുന്ന അതേ ആളുകൾക്കു മുന്നിൽ നാടിന്റെ ഭരണ സാരഥിയായി പുതുചരിത്രമെഴുതി ചേർത്തിരിക്കുകയാണ് ആനന്ദവല്ലി എന്ന പത്തനാപുരം സ്വദേശിനി. കുറച്ചു നാൾ മുമ്പ് വരെ തൂപ്പുകാരിയെ ഭരിച്ചിരുന്ന ഉദ്യോഗസ്ഥർ ഇന്ന് അവരുടെ തീരുമാനങ്ങൾക്കും അനുമതിയ്ക്കുമായി കാത്തു നിൽക്കുകയാണ്. ഒപ്പിടാൻ പോലും ഒരിക്കൽ ഭയന്നിരുന്ന അവരുടെ ഒപ്പിനും വാക്കിനും ഇന്ന് എത്രയോ ഉയരത്തിലാണ് വില. ഭയമോ വിഹ്വലതകളോ ഇല്ലാതെ ജീവിതത്തിന്റെ ഓരം ചേർന്നു ഒഴുകിയിരുന്ന ആനന്ദവല്ലി ഇപ്പോൾ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്, ആ ഉയരം അത്ര പെട്ടെന്ന് അളക്കാവുന്നതല്ല.
വിശപ്പടക്കണേ എന്ന പ്രാർത്ഥന
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണിപ്പോൾ കൊല്ലം തലവൂരിൽ 'ശ്രീനിലയ" ത്തിൽ ആനന്ദവല്ലി. നിഷ്കളങ്കമായ ഇവരുടെ ചിരിയിൽ നിറയെ സഹനത്തിന്റെയും പട്ടിണിയുടെയും ദുരിതജീവിതത്തെ ജയിച്ച ആത്മവിശ്വാസമുണ്ട്. ആ കഥ അക്ഷരാർത്ഥത്തിൽ അറിയുമ്പോൾ അവരോടുള്ള ബഹുമാനം ഇരട്ടിക്കും. പത്തനാപുരം പാണ്ടിത്തിട്ട ശൂരനാട്ട് വീട്ടിൽ തങ്കപ്പന്റെയും അമ്മിണിയുടെയും മൂത്തമകളായി ജനനം. ഗിരിജയും മുരുകനും സഹോദരങ്ങൾ. വീട്ടിലെ കൊച്ചുകൊച്ചു കലഹത്തെ തുടർന്ന് അച്ഛൻ ചെറുപ്പത്തിൽ തന്നെ വീടുപേക്ഷിച്ചു പോയി. ഏറെ ബുദ്ധിമുട്ടിയാണ് അമ്മ മക്കളെ വളർത്തിയത്. തലവൂർ ദേവീക്ഷേത്രത്തിൽ പുറം പണിയും മറ്റു ചെറിയ ജോലികളുമൊക്കെ ചെയ്തായിരുന്നു ആ ദുരിതകാലത്തെ അതിജീവിച്ചത്. അക്കാലത്ത് ഏറെയും പട്ടിണിയുടെ ദിനങ്ങളായിരുന്നു. ഒരു നേരമെങ്കിലും വിശപ്പടക്കാൻ കഴിയേണമേ എന്ന് മാത്രം പ്രാർത്ഥിച്ചിരുന്ന ബാല്യവും കൗമാരവും ഇന്നും നാൽപ്പത്തിയാറുകാരിയായ ആനന്ദവല്ലി വേദനയോടെയാണ് ഓർത്തെടുക്കുന്നത്.
ഇളയ സഹോദരങ്ങളുടെ പഠനച്ചെലവ് വർദ്ധിച്ചതോടെ ആനന്ദവല്ലിയുടെ പഠനം പ്രീഡിഗ്രിയിൽ വഴിമുട്ടി. പിന്നെ നഴ്സറി സ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗിന് ചേർന്നു. വീട്ടുച്ചെലവുകൾ വർദ്ധിച്ച് വന്നതോടെ തൊട്ടടുത്ത തലവൂർ സ്കൂളിലെ ആയയായി ആനന്ദവല്ലി ജോലി നോക്കി. അങ്ങനെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള ജീവിതയുദ്ധം തുടർന്നു. അതിനിടെയായിരുന്നു വിവാഹം. ഭർത്താവ് മോഹനൻ പെയിന്റിംഗ് തൊഴിലാളിയാണ്. രണ്ടുമക്കളുണ്ടായി, മിഥുനും കാർത്തിക്കും. അതോടെ, ആയയുടെ പണി മതിയാക്കി മക്കളെ നോക്കാനായി ആനന്ദവല്ലി വീട്ടിലൊതുങ്ങി. കുട്ടികൾ വളർന്നതോടെ മോഹനന്റെ വരുമാനം കൊണ്ട് വീട് കഴിയാനും മക്കളെ പഠിപ്പിക്കാനും കഴിയാതെ വന്നു. നാലു സെന്റിലെ മൂന്നു മുറി വീട്ടിൽ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏറെക്കാലം കഴിഞ്ഞു.

ആ പ്രതീക്ഷയിലായിരുന്നു ജീവിതം
മോഹനന് പെയിന്റിംഗ് ജോലി കുറഞ്ഞതോടെ കാഞ്ഞിരപ്പള്ളിയിൽ ബി.എസ് സി യ്ക്കു പഠിക്കുന്ന മൂത്തമകൻ മിഥുന് ഹോസ്റ്റൽ ഫീസടയക്കാൻ പോലും ബുദ്ധിമുട്ടായി. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനും ലോക്കൽ കമ്മിറ്റിയംഗവുമാണ് മോഹനൻ. ദുരിതപ്പെയ്ത്ത് കണ്ട പാർട്ടിക്കാർ 2007 ൽ ആനന്ദവല്ലിയ്ക്ക് ഒരു താത്ക്കാലിക ജോലി തരപ്പെടുത്തിക്കൊടുത്തു, തലവൂർ പഞ്ചായത്തിലെ തൂപ്പു ജോലി. ദിവസവേതനം 70 രൂപ. ദുരിതത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് പിടിച്ചു നിൽക്കാൻ ഒരു കച്ചിത്തുരുമ്പായി. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ തലവൂർ പഞ്ചായത്തിൽ ഭരണം മാറി വന്നു. പാർട്ടി അപ്പോൾ ആനന്ദവല്ലിയെ പത്തനാപുരം ബ്ലോക്കാഫിസിൽ നിയമിച്ചു. ഇവിടുത്തെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ തൂപ്പുകാരിയാക്കി. 2011 മുതൽ ഇക്കാലമത്രയും അവിടെയായിരുന്നു. ആദ്യം 2000 രൂപ മാസ ശമ്പളം. പിന്നെ അത് 6000 വരെയാക്കി ഉയർത്തി. മകന്റെ ഹോസ്റ്റൽ ഫീസ് കൊടുക്കാനായി ഈ പണം മാറ്റിവെച്ചു. ഓഫീസിലെ ഉദ്യോഗസ്ഥരും ഓഫീസറുമൊക്കെ സഹായിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ അവരൊക്കെ സഹായികളായി നിന്നു. അക്കാലത്ത് ഓഫീസിലെല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു ആനന്ദവല്ലി. 6000 രൂപ ആയാലും മതി ഈ തൂപ്പുജോലി ഒന്ന് സ്ഥിരമാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസിൽ. ഓഫിസിലെ എല്ലാവരോടും ഇക്കാര്യം പറയുകയും ചെയ്യും. ഓഫീസിൽ പരിശോധനയ്ക്കു വരുന്നവരോടും ജോലി സ്ഥിരപ്പെടുത്താൻ സഹായിക്കാൻ പറയുമായിരുന്നു. അവസരം വന്നാൽ സഹായിക്കാമെന്ന് എല്ലാവരും ഏറ്റു. ആ പ്രതീക്ഷയിലായിരുന്നു താൻ ഇതുവരെയും ജീവിച്ചതെന്ന് അവർ ഓർക്കുന്നു. തനിക്ക് കിട്ടുന്ന ചെറിയ ശമ്പളം മുഴുവൻ മകന്റെ പഠനത്തിന് മാറ്റിവെച്ച് മോഹനന്റെ ചെറിയ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ട് നീങ്ങിയിരുന്നത്. വിഭവസമൃദ്ധമായ ഭക്ഷണമൊന്നും ഒരിക്കലും വീട്ടിലുണ്ടായിട്ടില്ലെന്ന് ആനന്ദവല്ലി പറയുന്നു. ചോറും ഒരു ഒഴിച്ചുകറിയും മാത്രമാകും ഉണ്ടാകുക. വീട്ടിലെ അവസ്ഥ അറിയാവുന്നതുകൊണ്ട് മക്കൾക്കും അതിൽ പരാതി പറച്ചിലുണ്ടായിരുന്നില്ല. മീനോ ഇറച്ചിയോ ഒന്നും അവർ ആഗ്രഹിച്ചിട്ടില്ല, കൂട്ടുകാരൊക്കെ ഫാസ്റ്റ് ഫുഡുകളുടെ രുചിയെ കുറിച്ച് വീമ്പ് സന്തോഷത്തോടെ പറയുമ്പോഴും തന്റെ കുട്ടികൾ അതിന്റെ രുചി അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ലെന്ന് ആനന്ദവല്ലി ഓർക്കുന്നു. ജീവിതപരിസരം എത്ര നിറം മങ്ങിയതാണെങ്കിലും അതിനോടു ചേർന്നു നടക്കാനുള്ള ആർജ്ജവം അനുഭവങ്ങളിൽ നിന്നും അവർ നേടിയിരുന്നു.
ഓർക്കാപ്പുറത്തെ ചോദ്യം
കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. തലവൂർ ഡിവിഷൻ പട്ടികജാതി ജനറൽ സീറ്റായിരുന്നു. മത്സരിക്കാൻ ഏറെ ആളുണ്ടായിരുന്നിട്ടും പാർട്ടി പക്ഷേ ജനറൽ സീറ്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ആനന്ദവല്ലിയെയായിരുന്നു. സ്ഥാനാർത്ഥി ആണെന്നറിഞ്ഞതോടെ ആനന്ദവല്ലി ഒന്ന് അമ്പരന്നു. പക്ഷേ ഭർത്താവ് മോഹനനും പാർട്ടി പ്രവർത്തകരുമെല്ലാം പ്രോത്സാഹിപ്പിച്ചു. അങ്ങനെ എതിർസ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ആനന്ദവല്ലി 654 വോട്ടിന് ജയിച്ചു കയറി. ബ്ലോക്ക് പഞ്ചായത്തംഗമായ സന്തോഷത്തിൽ കഴിഞ്ഞ ആനന്ദവല്ലിയെത്തേടി പിന്നാലെ ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവിയുമെത്തി. താൻ തൂപ്പുകാരിയായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റാവാനോ..? ഏറെ നേരം അവിശ്വസനീയതയിലായിരുന്നു ആനന്ദവല്ലി. പാർട്ടിക്കാരും സുഹൃത്തുക്കളും കുടുംബക്കാരും കരുത്തേകി. എല്ലാവരുടെയും പിന്തുണ ലഭിച്ചെങ്കിലും ആദ്യമൊക്കെ വല്ലാത്ത ആശങ്കയായിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ പെൺകരുത്തിന്റെ ആർജ്ജവം നാട് കണ്ടു.

അതായിരുന്നു വഴിത്തിരിവ്
സത്യപ്രതിജ്ഞ കഴിഞ്ഞ ആദ്യനാളുകളിൽ പ്രസിഡന്റിനോട് പലർക്കും അതൃപ്തിയായിരുന്നു. ചിലരൊക്കെ വഴിമാറി നടന്നു. തങ്ങളെ തൊഴുത് നടന്നവൾ തങ്ങളെയും നാടിനെയും ഭരിക്കാൻ കസേരയിലിരുന്നത് പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ചില ഉദ്യോഗസ്ഥർ ആനന്ദവല്ലിയുമായി സഹകരിക്കാൻ പോലും തയ്യാറായില്ല. ഭരണപാടവമില്ലാത്ത ആൾ, തൂപ്പുകാരിയായിരുന്നവൾ എന്നൊക്കെയുള്ള അധിക്ഷേപങ്ങളും പിന്നാലെയെത്തി. പക്ഷേ, അതോടെ ആനന്ദവല്ലിയും മനസിലുറപ്പിച്ചു, തോറ്റു പിന്മാറാൻ താൻ ഒരുക്കമല്ല. അങ്ങനെ ഭരണം മെല്ലെ മെല്ലെ പഠിച്ചു തുടങ്ങി. 'കില"യിൽ രണ്ടുനാൾ പരിശീലനത്തിന് പോയി. അത് വലിയൊരു വഴിത്തിരിവായെന്ന് ആനന്ദവല്ലി പറയുന്നു.
''ഞാനിപ്പോൾ നന്നായി ഭരിച്ചു തുടങ്ങിയിരിക്കുന്നു. തൂപ്പുകാരിയായിരിക്കുമ്പോൾ ഒപ്പിടാൻ ഭയന്ന ഞാനിന്ന് ഒന്നിനെയും ഭയക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ ചെക്കുകളിൽ ഒപ്പിടുന്നു. ഭരണ തീരുമാനങ്ങളിലെല്ലാം എന്റെ ഒപ്പ് വേണമല്ലോ. ഉള്ളിലെ ശക്തി എല്ലാറ്റിനും കരുത്ത് തരുന്നുണ്ട്. ഉദ്യോഗസ്ഥരെയൊക്ക വിളിച്ച് നിശ്ചിത കാര്യങ്ങൾ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നതെല്ലാം ഇപ്പോൾ ഞാനാണ്. ആദ്യം നിസഹകരിച്ചവരൊക്കെ ഇപ്പോൾ നന്നായി മാറിയിട്ടുണ്ട് കേട്ടോ.""
ആനന്ദവല്ലിയിലെ ആത്മവിശ്വാസം വാനോളം ചിറകടിച്ചുയരുകയാണ്. ഇനിയുള്ള അഞ്ചു കൊല്ലക്കാലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് ആനന്ദവല്ലിയാണ്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നിരവധി പദ്ധതികൾ ആ മനസിലുണ്ട്. ഒക്കെയും ഭംഗിയായി നടക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനെല്ലാം പാർട്ടിയും ഈശ്വരനും കൂടെ നിൽക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. പറഞ്ഞവസാനിപ്പിക്കുമ്പോൾ മനസുറപ്പുള്ള സാരഥിയെയാണ് മുന്നിൽ കണ്ടത്. ആനന്ദവല്ലി ഒരു പുതുചരിത്രമാകുന്നതും ഇത് കൊണ്ടാണ്, ഒട്ടും പ്രതീക്ഷിക്കാതെ, ഒരിക്കലും സ്വപ്നം കാണാത്ത കസേരയിലേക്കുള്ള അവരുടെ യാത്ര ആരെയും അതിശയിപ്പിക്കുന്നതാണ്, ഓരോ സ്ത്രീയ്ക്കും ആ നേട്ടത്തിൽ അഭിമാനിക്കാം.
(ലേഖകന്റെ നമ്പർ: 9447249669)