pho
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ ഇടമൺ യു.പി.സ്കൂൾ ജംഗ്ഷനിലെ കൊടും വളവിൽ അടർന്ന് വീണ ആൽ മരം മുറിച്ചിൻെറ കഷണവും, ഇലട്രിക് കേബിളും കരിക്കത്തിൽ ഏല റോഡിൽ ഗതാഗതം മുടക്കിയിരിക്കുന്നു...

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ ആൽ മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടമൺ യു.പി സ്കൂൾ ജംഗ്ഷനിലെ കൊടും വളവിലാണ് കൂറ്റൻ ആൽ മരം നിൽക്കുന്നത്. അഞ്ച് ദിവസം മുമ്പ് രാത്രിയിലുണ്ടായ കനത്ത കാറ്റിൽ ആൽ മരത്തിന്റെ ശിഖരം അടർന്ന് ദേശീയ പാതയിൽ വീണ് ഒരു മണിക്കൂറോളം ഗതാഗതം നിലക്കുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. എന്നാൽ മര ശിഖരം മുറിച്ചതിന്റെ കഷണം ഇടമൺ- കരിക്കത്തിൽ ഏല റോഡിന് മദ്ധ്യേ വച്ച ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഇലട്രിക് കേബിൾ മാറ്റി ഇത് വഴിയുള്ള ഗതാഗതം പുനരാഭിക്കാൻ കഴിഞ്ഞിട്ടില്ല.

ഭീതിയോടെ സമീപവാസികൾ

ഇടറോഡിന് മദ്ധ്യേ കിടക്കുന്ന ആൽമര കഷണവും ഇലട്രിക് കേബിളും അധികൃതർ മാറ്റാത്തത് കാരണം ഇത് വഴി ദേശീയ പാതയിലെത്തേണ്ട 40 ഓളം താമസക്കാർ ഒരാഴ്ചയായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.കൊടും വളവിൽ നിൽക്കുന്ന ആൽ മരത്തിന്റെ മൂന്ന് ശിഖരങ്ങൾ ഏത് സമയത്തും അടർന്ന് വീഴുമെന്ന ഭീതിയിലാണ് സമീപവാസികളും കാൽനട യാത്രക്കാരും.

നടപടിയെടുക്കാതെ അധികൃതർ

വാളക്കോട്, കലയനാട്, പ്ലാച്ചേരി, ക്ഷേത്രഗിരി, തണ്ണിവളവ്, വെള്ളിമല, ഇടമൺ സത്രം ജംഗ്ഷൻ, ഇടമൺ യു.പി.എസ്,എൽ.പി.എസ്, കുന്നുംപുറം, ഇടമൺ-34, അണ്ടൂർപച്ച, ഉറുകുന്ന് കോളനി ജംഗ്ഷൻ, ഉറുകുന്ന്, ഒറ്റക്കൽ ലുക്കൗട്ട്, പാറകടവ്, പള്ളിമുക്ക്, ഒറ്റക്കൽ ഹൈസ് കൂൾ ജംഗ്ഷൻ, പത്തേക്കർ, 40-ാംമൈൽ, തെന്മല, തെന്മല എം.എസ്.എൽ, ഇടപ്പാളയം, കഴുതുരുട്ടി, ആനകുത്തി വളവ്, മുരുകൻ പാഞ്ചാലി, പാലരുവി ജംഗ്ഷൻ, ആര്യങ്കാവ്, ആർ.ഒ.ജംഗ്ഷൻ, കോട്ടവാസൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പഴകിയ വൻ മരങ്ങളുള്ളത്. കാലപ്പഴക്കത്തെ തുടർന്ന് ഏത് സമയത്തും നിലം പൊത്താവുന്ന 30ഓളം മരങ്ങൾ ആറ് മാസം മുമ്പ് മുറിച്ച് നീക്കിയിരുന്നു. എന്നാൽ ശേഷിക്കുന്ന വൻ മരങ്ങൾ കൂടി മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകർ അധികൃതരെ സമീപിച്ചെങ്കിലും തുടർ നടപടികൾ നീണ്ട് പോകുകയാണ്.