
 ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു
കൊല്ലം: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. ഞാറയ്ക്കൽ, വന്മള, തെക്കേച്ചേരി, മണലിക്കട, അഷ്ടമുടി സ്‌കൂൾ വാർഡുകളിലുള്ളവരാണ് ഒരിറ്റ് ദാഹനീരിനുവേണ്ടി ദിവസങ്ങളായി കാത്തിരിക്കുന്നത്. അതേസമയം, മോട്ടോർ കേടായതാണ് ജലവിതരണം മുടങ്ങിയതിന് കാരണമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് വാട്ടർ അതോറിറ്റി.
ഇവയിൽ പല വാർഡുകളും താരതമ്യേന ഉയർന്ന സ്ഥലങ്ങളായതിനാൽ വേനലെത്തും മുമ്പുതന്നെ കിണറുകളിൽ വെള്ളം വറ്റിയിരുന്നു. പൊതുജലവിതരണ സംവിധാനത്തെയാണ് മിക്ക കുടുംബങ്ങളും ആശ്രയിക്കുന്നത്. നേരത്തെ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തിയിരുന്നെങ്കിലും ഇത്തവണ ആരുടേയും ശ്രദ്ധ ഇവിടങ്ങളിലേക്കുണ്ടായില്ല. ഇരുചക്ര വാഹനങ്ങളിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കാനുകളിലും മറ്റും ജലം ശേഖരിച്ച് എത്തിച്ചാണ് പ്രാഥമിക കർമ്മങ്ങൾക്ക് പോലും ഉപയോഗിക്കുന്നത്.
 വിതരണ തടസം പതിവുകഥ
കുടിവെള്ള വിതരണത്തിന് പകരം സംവിധാനമില്ലാത്തതും മോട്ടർ കേടായാൽ മാറ്റി മറ്റൊന്ന് സ്ഥാപിക്കാനും ജലവിഭവ വകുപ്പിന് കഴിയുന്നില്ല. കുഴൽക്കിണറുകളുടെ പരിപാലനം സ്വകാര്യ കരാറുകാർക്കാണ് നൽകിയിട്ടുള്ളത്. മോട്ടോർ കേടായാൽ അവ കൊണ്ടുപോയി ശരിയാക്കി പുനഃസ്ഥാപിച്ചശേഷം മാത്രമാണ് കുടിവെള്ള വിതരണം പുനരാരംഭിക്കുന്നത്. ഇതിന് ദിവസങ്ങൾ വേണ്ടിവരും. ഒന്നിലധികം മോട്ടോറുകൾ ഒരേസമയം കേടായാൽ കുടിവെള്ളവിതരണം ആഴ്ചകളോളം മുടങ്ങേണ്ടി വരും.
" കുടിവെള്ള ക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ കരാടിസ്ഥാനത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ ജലവിതരണം നടത്തും. ചില പമ്പ് ഹൗസുകൾ പ്രവർത്തിക്കാത്തതും ചിലയിടങ്ങളിൽ മതിയായ മർദ്ധം ഇല്ലാത്തതുമാണ് വിതരണത്തിന് തടസമാകുന്നത്. മോട്ടോറുകൾ അടിയന്തിരമായി നന്നാക്കി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്."
സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ്, തൃക്കരുവ ഗ്രാമപഞ്ചായത്ത്