പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ കോതപുരം -തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. ഒരു വർഷം മുമ്പ് റെയിൽവേ ഉദ്യോഗസ്ഥരും കോൺട്രാക്ടറും സ്ഥലത്ത് നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി ശുചീകരണ ജോലികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അത് നിറുത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന സാമഗ്രികൾ നീക്കം ചെയ്ത് സമാന്തര റോഡിന്റെ സ്ഥലം വൃത്തിയാക്കി.
2 കോടി ചെലവിൽ നിർമ്മാണം
റോഡിന്റെയും അടിപ്പാതയുടെയും സ്ഥാനം നിർണയിച്ചാലുടൻ നിർമ്മാണം തുടങ്ങും.ഏകദേശം 2 കോടിയോളം രൂപ ചെലവ് വരുന്ന നിർമ്മാണം പൂർത്തിയാക്കാണ മൂന്ന് മാസത്തോളം വേണ്ടി വരും. പടിഞ്ഞാറേക്കല്ലട പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഏറെ തടസം നിൽക്കുന്ന ഒന്നാണ് തലയിണക്കാവ് റെയിൽവേ ഗേറ്റ്. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. പുതിയ സിഗ്നൽ സംവിധാനം വന്നതോടു കൂടി ഒരു ട്രെയിൻ കടന്ന് പോയി ഒരു മിനിട്ടിലധികം സമയം കഴിഞ്ഞേ ഗേറ്റ് തുറക്കുകയുള്ളു. ഇത് അപകടത്തിൽപ്പെട്ട് വാഹനത്തിൽ കൊണ്ടുവരുന്നവർക്കും മറ്റ് ആശുപത്രികളിൽ കൊണ്ടുപോകേണ്ട രോഗികൾക്കും ഗർഭിണികൾക്കും ബുദ്ധിമുട്ടാകുന്നുണ്ട്. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളകൗമുദി നിരന്തരം വാർത്തകൾ നൽകിയിരുന്നു.