യാത്രക്കാർ ദുരിതത്തിൽ
ശാസ്താംകോട്ട: പൗണ്ട് മുക്ക് - പെരുവേലിക്കര ബണ്ടുറോഡ് നിർമ്മാണം കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ പ്രദേശവാസികളും യാത്രക്കാരും ദുരിതത്തിലായി. ആറ് മാസം മുമ്പാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഒരു നിർമ്മാണവും നടക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. പൗണ്ട് മുക്ക് മുതൽ ഒരു കിലോമീറ്ററോളം ദൂരം റോഡ് വീതി കൂട്ടി പാർശ്വഭിത്തി കെട്ടാനാണ് തീരുമാനിച്ചിരുന്നത്. സംസ്ഥാന ബഡ്ജറ്റ് വിഹിതമായി അനുവദിച്ച 2 കോടി രൂപയുടേതാണ് പദ്ധതി. നിർമ്മാണത്തിൽ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി നൽകിയതോടെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പോവുകയായിരുന്നു.
റോഡുവക്കിൽ കൂട്ടിയിട്ടിരിക്കുന്ന പാറ
റോഡ് നിർമ്മാണത്തിനായി ഇറക്കിയ പാറയും മറ്റും റോഡിൽ നിരന്ന് കിടക്കുന്നതിനാൽ പൗണ്ട് മുക്കിൽ നിന്ന് പെരുവേലിക്കരയിലേക്കുള്ള വാഹനയാത്ര ദുഷ്കരമാണ്. പാർശ്വഭിത്തി നിർമ്മാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതിനാൽ അടുക്കിയ പാറകൾ പലയിടത്തും അടർന്നു വീഴുകയാണ്. ഇത് യാത്രക്കാർക്കും സമീപവാസികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പ്രതിഷേധം
ഈ വർഷത്തെ ബഡ്ജറ്റിലും പൗണ്ട് മുക്ക് മുതലുള്ള റോഡ് ടാറിംഗിന് 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ ഇതും സാദ്ധ്യമാകൂ. റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.