
കൊല്ലം : പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ കർശന നടപടി കൈക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്ലിക്കേഷൻ 'സി വിജിൽ' സജ്ജമായി. സിറ്റിസൺ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജിൽ. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പെരുമാറ്റച്ചട്ട ലംഘനങ്ങൾ, തിരഞ്ഞെടുപ്പ് ചെലവുകൾ എന്നിവയെ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് തെളിവുകൾ സഹിതം ഉന്നയിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ ചിത്രങ്ങൾ, വീഡിയോ, ജിയോ ടാഗ് എന്നിവ ബന്ധപ്പെട്ട വരണാധികാരിക്ക് ലഭിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷന്റെ രൂപകല്പന. മുൻകൂട്ടി തയ്യാറാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ അംഗീകരിക്കില്ല.
വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തില്ല
പരാതി അയയ്ക്കുന്ന ആളിന്റെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ആപ്പിൽ ലഭ്യമാണ്. പരാതി അയച്ചുകഴിഞ്ഞാൽ അയയ്ക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പരിലേക്ക് ഒരു കോഡ് അയയ്ക്കും. ഈ കോഡ് ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി കണ്ടെത്താം. കളക്‌ടറേറ്റിലെ സി വിജിൽ കൺട്രോൾ റൂമിൽ സ്വീകരിക്കുന്ന പരാതികൾ ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, റിസർവ് ടീം എന്നീ സ്‌ക്വാഡുകൾ പരിശോധിക്കും.
പ്ലേസ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിൽ നിന്ന് ഗൂഗിൾ പ്ലേസ്റ്റോർ വഴി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിൽ സി വിജിൽ കൺട്രോൾ റൂം പ്രവർത്തിക്കുക.