
കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ വെന്റിലേറ്ററുകളിൽ ജീവവായു നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. തൊഴിലാളി വിഹിതമായി ലഭിച്ച കോടിക്കണക്കിന് രൂപ ഇ.എസ്.ഐ കോർപ്പറേഷന്റെ ഖജനാവിലുണ്ടായിട്ടും കേടായ വെന്റിലേറ്ററുകൾ അറ്റുകുറ്രപ്പണി നടത്താനോ പുതിയത് വാങ്ങാനോ അധികൃതർ തയ്യാറാകുന്നില്ല.
മെഡിക്കൽ ഐ.സി.യു പൂട്ടിയതോടെ സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിന് സമാനമായ തരത്തിൽ ഹൈ ഡെപ്പെൻഡൻസി യൂണിറ്റ് തുടങ്ങിയിരുന്നു. വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളിലാത്ത ഈ യൂണിറ്റ് ഇപ്പോൾ സാധാരണ വാർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രി വാർഡിൽ ചികിത്സയിലുള്ള ആർക്കെങ്കിലും പെട്ടെന്ന് രോഗം മൂർച്ഛിച്ചാൽ വെന്റിലേറ്റർ ഉണ്ടെങ്കിൽ അവിടേക്ക് മാറ്റാം. അല്ലെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയേ വഴിയുള്ളു. ഇതിനിടയിൽ ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങൾ പാഴാകുകയും ചെയ്യും. ചെറിയ അവശതകളുമായി എത്തുന്നവരെ പോലും റഫർ ചെയ്യാനുള്ള കാരണവും വെന്റിലേറ്ററിന്റെ അപര്യാപ്തതയാണ്.
വികസന സമിതി ചേർന്നിട്ട് ഒന്നേകാൽ വർഷം
ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമുള്ള ആശുപത്രി വികസന സമിതി യോഗം ചേർന്നിട്ട് ഒന്നേകാൽ വർഷം പിന്നിടുന്നു. രണ്ട് തൊഴിലാളി പ്രതിനിധികൾ, രണ്ട് തൊഴിലുടമ പ്രതിനിധികൾ, ഇ.എസ്.ഐ കോർപ്പറേഷൻ പ്രതിനിധികൾ, എം.പിയുടെ പ്രതിനിധി തുടങ്ങിയവരടങ്ങിയതാണ് ആശുപത്രി സൂപ്രണ്ട് ചെയർമാനും ഡെപ്യൂട്ടി സൂപ്രണ്ട് കൺവീനറുമായുള്ള വികസന സമിതി. ചികിത്സ സംബന്ധിച്ച ഗുരുതരമായ പരാതികൾ സമീപഭാവിയിൽ ഉയർന്നിട്ടും സമിതി അംഗങ്ങൾ പോലും യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.
''
കുറച്ചുനാൾ മുൻപ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലാ ആശുപത്രിയിൽ പോയി. അവിടെ നിർദ്ദേശിച്ച എം.ആർ.ഐ സ്കാനിംഗിനുള്ള പണമില്ലാത്തതിനാൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെത്തി. രക്തമടക്കം പരിശോധനയ്ക്ക് എടുത്ത ശേഷം കുറച്ച് മരുന്ന് തന്നു. മൂന്ന് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അന്ന് ചെന്നപ്പോൾ സർജൻ ഇല്ലായിരുന്നു. കാഷ്വാലിറ്റി അടക്കം കയറിയിറിങ്ങി ഒടുവിൽ ഫിസിഷ്യനെ കണ്ടു. അപ്പോഴേക്കും രക്തപരിശോധനയുടെ ഫലം വന്നിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് കൈയൊഴിഞ്ഞു. ഒടുവിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചാണ് ചികിത്സ നടത്തിയത്.
ബി. രാജു, കുന്നിൽ വീട്, കിളികൊല്ലൂർ