bjp

കരുനാഗപ്പള്ളി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും കരുനാഗപ്പള്ളിയിൽ പൂർത്തിയായി. ഇന്ന് വൈകിട്ട് 4 ന് വിജയ യാത്ര കരുനാഗപ്പള്ളി താലൂക്കിന്റെ കിഴക്കെ അതിർത്തിയായ കല്ലുകടവിൽ എത്തിച്ചേരും .അവിടെ നിന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്ടനെ കരുനാഗപ്പള്ളിയിലേക്ക് ആനയിക്കും. പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് തുറന്ന വാഹനത്തിലായിരിക്കും കെ.സുരേന്ദ്രൻ സഞ്ചരിക്കുന്നത്. ജാഥ എത്തുന്നതിന് മുമ്പ് തന്നെ ലാലാജി ജംഗ്ഷനിൽ യോഗം ആരംഭിക്കും. പൊതു സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ പി.എം.വേലായുധൻ, എൻ.പി.രാധാകൃഷ്ണൻ, സന്ദീപ് വാര്യർ, നിവേദിത സുബ്രഹ്മണ്യം എന്നിവർ പ്രസംഗിക്കും. കരുനാഗപ്പള്ളിയിലെ വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പി യിൽ ചേരുന്നവരെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്വീകരിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഓച്ചിറ, ക്ലാപ്പന, തഴവാ, കുലശേഖരപുരം എന്നീ പഞ്ചായത്തുകളിൽ നിന്ന് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പ്രവർത്തകരെ സമ്മേളന നഗറിൽ ഇറക്കിയ ശേഷം ഹൈസ്കൂൾ ജംഗ്ഷനിലും കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ലാലാജി ജംഗ്ഷനിലെ പഴയ നാഷണൽ ഹൈവേയിലും പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്.ജിതിൻ ദേവ്, മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ്, ജനറൽ സെക്രട്ടറി ജി.പ്രതാപൻ, വൈസ് പ്രസിഡന്റ് സതീഷ് തേവനത്ത്, ട്രഷറർ ആർ.മുരളി എന്നിവർ പങ്കെടുത്തു.