pho
പുനലൂർ നഗരസഭയിലെ ചെമ്മന്തൂർ സ്റ്റേഡിയത്തിന് സമീപത്ത് ടൗൺ ഹാളിൻെറ നിർമ്മാണ ജോലികൾ ആരംഭിച്ചപ്പോൾ.

9.95 കോടി രൂപ നിർമ്മാണച്ചെലവ്

പുനലൂർ: വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം മുടങ്ങിയ പുനലൂർ ടൗൺ ഹാളിന്റെ നിർമ്മാണം പുനരാരംഭിച്ചു. നഗരസഭയുടെ നിയന്ത്രണത്തിൽ ചെമ്മന്തൂർ നഗരസഭ സ്റ്റേഡിയത്തിന് സമീപത്ത് 9.95കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ കെ.രാജഗോപാൻ നായർ സ്മാരക ടൗൺ ഹാളിന്റെ നിർമ്മാണ ജോലികളാണ് ഇന്നലെ ആരംഭിച്ചത്. കൊല്ലം-തിരുമംഗലം ദേശീയ പാതയ്ക്ക് അഭിമുഖമായി ഷോപ്പിംഗ് കോപ്ലക്സ് ഉൾപ്പടെ മൂന്ന് നിലയിലാണ് ടൗൺ ഹാൾ പണിയുന്നത്.16കടമുറികളോടെ കൂടിയ ഷോപ്പിംഗ് കോപ്ലക്സും 800 പേർക്ക് ഇരിക്കാവുന്ന ടൗൺ ഹാളിന് 4026ത്തോളം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമ്മാണ ജോലികൾ ആരംഭിച്ചിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലൂടെ പൂർത്തിയാകും

നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 20ശതമാനം തുകയും ശേഷിക്കുന്ന തുക വായ്പയും എടുത്താണ് ടൗൺ ഹാളിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചിരിക്കുന്നതെന്ന് ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണ ജോലികൾ പൂർത്തിയാക്കുക.ആദ്യഘട്ട നിർമ്മാണ ജോലികൾ ഈ മാസം 31നകം പൂർത്തിയാക്കും. ശേഷിക്കുന്ന രണ്ടാം ഘട്ട നിർമ്മാണ ജോലികൾ അതിന് ശേഷം ആരംഭിക്കും.കാൽ നൂറ്റാണ്ട് മുമ്പ് ടൗൺ ഹാൾ പണിയാൻ ശിലാസ്ഥാപനം നടത്തിയെങ്കിലും പല കാരണങ്ങളാൽ നിർമ്മാണ ജോലികൾ അനന്തമായി നീണ്ട് പോകുകയായിരുന്നു. ഇതിനെതിരെ നഗരഭ പ്രതിപക്ഷവും വിവിധ സാമൂഹിക,സാംസ്കാരിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എൻ.രാജഗോപാലൻ നായരുടെ പേരിൽ

മുൻ പുനലൂർ എം.എൽ.എയും കെ.പി.എസ്.സിയുടെ സ്ഥാപക നേതാവുമായിരുന്ന അന്തരിച്ച എൻ.രാജഗോപാലൻ നായരുടെ പേരിലാണ് ടൗൺ ഹാൾ പണിയാൻ നഗരസഭ വർഷങ്ങൾക്ക് മുമ്പ് തീരുമാനം എടുത്തത്.എന്നാൽ ഇതിന് സമീപത്ത് കെ.കൃഷ്ണപിളള സാംസ്കാരിക നിലയത്തിന്റെ പണികൾ രണ്ട് വർഷം മുമ്പ് പൂർത്തിയാകുകയും നിർമ്മാണം ആരംഭിച്ച ടൗൺഹാളിനോട് ചേർന്ന് 5.5കോടി രൂപ ചെലവഴിച്ച് പണിയുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ ജോലികൾ അന്തിമ ഘട്ടത്തിലായിട്ടും ടൗൺ ഹാൾ നിർമ്മാണം അനന്തമായി നീണ്ട് പോയിരുന്നു. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കി.നഗരസഭയുടെ എല്ലാ ബഡ്ജറ്റിലും 'നടക്കാത്ത പദ്ധതി'യായിരുന്നു ടൗൺ ഹാൾ.