കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ കൊവിഡ് വാക്സിനേഷൻ തുടങ്ങി. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ നിലവിലെ നിർദ്ദേശപ്രകാരം ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്ത 60 വയസിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവർക്കുമാണ് ആശുപത്രിയിൽ വാക്സിൻ നൽകുന്നത്.
വാക്സിനേഷനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ സുരക്ഷിതവും വിപുലവുമായ ക്രമീകരണങ്ങളുണ്ട്. വാക്സിനെടുക്കാൻ എത്തുന്നവർക്ക് ആദ്യം വിശ്രമകേന്ദ്രത്തിലിരിക്കാം. അവിടെ നിന്ന് രജിസ്ട്രേഷനുള്ള മുറിയിലേക്ക് വിളിക്കും. അവിടെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച ശേഷം ക്രമനമ്പർ നൽകും. പിന്നീട് വാക്സിനേഷൻ മുറിയിലേക്ക് ക്രമനമ്പർ പ്രകാരം കടത്തിവിടും. വാക്സിനെടുത്ത ശേഷം തൊട്ടടുത്ത മുറിയിൽ അര മണിക്കൂർ നിരീക്ഷിക്കും. എന്തെങ്കിലും അസ്വസ്ഥതകൾ പ്രകടിപ്പിച്ചാൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കും.
ആദ്യദിനമായ ഇന്നലെ 60 പേർക്ക് കൊവിഷീൽഡ് വാക്സിനെടുത്തു. ഇവർക്കാർക്കും അസ്വസ്ഥതകളുണ്ടായില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ആദ്യഡോസ് നൽകാനുള്ള ക്രമീകരണങ്ങളായിട്ടുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം രാവിലെ 9 മുതൽ 5 വരെയാണ് വാക്സിനെടുക്കുക. ഡോക്ടർമാർ ഉൾപ്പെടെ 15 പേരെ ഒരേസമയം വാക്സിനേഷനായി നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ടും കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടർമാരും നിരന്തരം നിരീക്ഷിക്കും. 250 രൂപയാണ് വാക്സിനേഷൻ ഫീസ്. രജിസ്ട്രേഷന്: 04742756500.