road
പുനലൂർ,പാപ്പന്നൂർ, ഇടമൺ സത്രം റോഡിലെ റി ടാറിംഗിനിടെ പാത വെട്ടിപ്പൊളിച്ച നിലയിൽ.

പുനലൂർ: പുനലൂർ,പാപ്പന്നൂർ,ഇടമൺ സത്രം റോഡിലെ റീ ടാറിംഗിനൊപ്പം പാത വെട്ടിപ്പൊളിച്ച വാട്ടർ അതോറിറ്റിയുടെ നടപടികൾക്കെതിരെ പ്രതിഷേധം വ്യാപകമായി. ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ച റീ ടാറിഗിന് ശേഷം പാതയോരത്തെ ആറ് കേന്ദ്രങ്ങളിലെ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് ടാറിംഗ് വെട്ടിപ്പൊളിച്ചത്. പുനലൂർ ടി.വി.ജംഗ്ഷന് സമീപം, പാണങ്ങാട്, വാഴമൺ മഹദേവർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ ടാർ ചെയ്ത റോഡാണ് പൈപ്പ് പൊട്ടലിനെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.ഇത് കാരണം നൂറ് കണക്കിന് വീടുകളിലെ ശുദ്ധ ജല വിതരണവും മുടങ്ങി.

കുടിവെള്ളത്തിനായി നെട്ടോട്ടം

ഐക്കരക്കോണം,പൂങ്ങോട്, ഇഞ്ചത്തടം, കക്കോട്, വാഴമൺ, വട്ടപ്പട, മുറിയൻ തല, പാപ്പന്നൂർ,പ്ലാച്ചേരി തുടങ്ങി സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് ബുധനാഴ്ച രാത്രി മുതൽ മുടങ്ങിയത്.സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച 8കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് പുനലൂർ,പാപ്പന്നൂർ, ഇടമൺ സത്രം റോഡ് നവീകരിച്ച് മോടി പിടിപ്പിക്കുന്നത്. വർഷങ്ങളായി തകർന്ന് കിടന്ന റോ‌ഡാണ് റീടാറിംഗ് നടത്തി മനോഹരമാക്കുന്നത്. ഇതിനിടെയാണ് പാതയോരത്ത് കൂടി കടന്ന് പോകുന്ന വാട്ടർ അതോറിറ്റിയുടെ പഴഞ്ചൻ പൈപ്പ് ലൈൻ റീ ടാറിംഗിനിടെ പൊട്ടിയത്.പൈപ്പ് പൊട്ടലിനെ തുടർന്ന് വേനൽ രൂക്ഷമായ പ്ലാച്ചേരി, വട്ടപ്പട, കക്കോട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.