പത്തനാപുരം: പട്ടാഴി ഗ്രാമപഞ്ചായത്തിൽ വടക്കേക്കര പുത്തൻവീട്ടിൽ കുട്ടിഅമ്മയുടെ ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച നിർമ്മാണം ആരംഭിച്ച വീടിന്റെ അടിത്തറയാണ് സാമൂഹിക വിരുദ്ധർ തകർത്ത്. പട്ടാഴി പഞ്ചായത്തിലെ തെക്കേത്തേരിയിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ടാമത്തെ വീടിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം നടക്കുന്നത്. വസ്തുവും വീടും ഇല്ലാത്ത എട്ട് പേർക്കാണ് ഇവിടെ വീട് നിർമ്മിക്കുന്നത്. പന്ത്രണ്ട് മുറി ആലക്കോട് കിഴക്കേതിൽ സുനിലിന്റെ വീടിനായുള്ള നിർമ്മാണസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡ് സാമൂഹ്യ വിരുദ്ധർ രണ്ട് തവണ കത്തിച്ചിരുന്നു.കഴിഞ്ഞ 9ന് രാത്രിയിലാണ് ആദ്യം ഷെഡ് കത്തിച്ചത്. സുനിലും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ചോർന്ന് ഒലിക്കുന്ന ഷെഡിലാണ് നിലവിൽ താമസം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കുട്ടിഅമ്മയ്ക്ക് വീട് ലഭിച്ചത്. വീടുകളിൽ പോയി ജോലിയെടുത്താണ് കുട്ടിഅമ്മ ജീവിക്കുന്നത്.
എന്തിന്റെ വൈരാഗ്യത്തിലാണെന്നും ആരാണെന്നും വ്യക്തമല്ല. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം പാസാക്കും.അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതികളെ കണ്ടെത്തി വേണ്ടുന്ന ശിക്ഷ നല്കും.
കെ. അശോകൻ
(പ്രസിഡന്റ്, പട്ടാഴി ഗ്രാമപഞ്ചായത്ത്)
പാവങ്ങളോട് ക്രുരത കാട്ടുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണം. പൊലീസ് പട്രോളിംഗ് ശക്തമാക്കണം.
അജിത്ത് കൃഷ്ണ(കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,പട്ടാഴി )