കൊല്ലം: ലോകത്തെ എല്ലാ അസ്വസ്ഥതകൾക്കുമുള്ള ഔഷധമാണ് ഗുരുദേവദർശനമെന്ന് ഡോ. കെ. സുധാകരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ മയ്യനാട് ശാഖയിൽ പുതുതായി പണികഴിപ്പിച്ച ശ്രീനാരായണ പ്രാർത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരെയും ഒരു ജാതിയായി കാണുന്നതാണ് ഗുരുവിന്റെ ഏകലോക ദർശനം. വിദേശത്ത് മികച്ച ഡോക്ടറെന്ന നിലയിൽ ശ്രദ്ധനേടാൻ കഴിഞ്ഞത് ഗുരുദേവ അനുഗ്രഹം കൊണ്ടാണ്. ഒരു രോഗിയുടെ ഗന്ധത്തിലൂടെ അയാളുടെ ജീവിത ശൈലി മനസിലാക്കാൻ കഴിയും. അതുകൂടി കണക്കിലെടുത്താണ് മരുന്നുനൽകേണ്ടത്. തന്നെ നയിക്കുന്നദൈവിക ശക്തി ഗുരുദേവനാണെന്നും ഡോ. കെ. സുധാകരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, പുത്തൂർ എസ്.എൻ അയുർവേദ കോളേജ് വൈസ് പ്രസിഡന്റ് ഡോ. എസ്. മോഹൻ എന്നിവർ സംസാരിച്ചു. മയ്യനാട് ഷിയ ഹോസ്പിറ്റൽ എം.ഡി ഡോ. എം.ബി. ഷിയ, ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, പ്രസിഡന്റ് എം.എൽ. അനിധരൻ എന്നിവരെ ആദരിച്ചു. ശാഖാസെക്രട്ടറി ഡി. പ്രസാദ് സ്വാഗതവും ഭരണസമിതി അംഗം എസ്. സലിൽ നന്ദിയും പറഞ്ഞു.