
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും രാജ്യത്തെ സർവമതങ്ങളെയും ഉൾക്കൊള്ളിച്ച് ദേശീയ സെമിനാറുകൾ സംഘടിപ്പിക്കാൻ കൊല്ലത്ത് ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
'ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് ' എന്ന ഗുരുദേവ ആദർശത്തിന്റെ ആശയസാക്ഷാത്കാരം ലക്ഷ്യമിട്ടാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഓപ്പൺ സർവകലാശാലയും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി. അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.പി. പ്രേംകുമാർ, ഡോ. ടി.എം. വിജയൻ എന്നിവരടങ്ങുന്നതാണ് ഉപസമിതി.ചടങ്ങിൽ ഡോ. കെ.പി. പ്രേംകുമാർ, ഡോ. കെ. ശ്രീവത്സൻ എന്നിവരടങ്ങിയ സൈബർ കൗൺസിൽ രൂപീകരിച്ചു. കേരളത്തിനുള്ളിൽ സ്റ്റഡി സെന്ററുകൾ കണ്ടെത്തുന്നതിനൊപ്പം സർവകലാശാലയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്താനുള്ള നടപടികൾക്ക് പ്രത്യേക സമിതിയെയും നിയോഗിച്ചു. കൊല്ലം ശ്രീനാരായണ കോളേജിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ അദ്ധ്യക്ഷനായി.