കൊല്ലം : എൻ.എസ് സഹകരണ ആശുപത്രിയിൽ ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ മെഡിസിൻ (സമ്പൂർണ കരൾരോഗ ചികിത്സാവിഭാഗം) പ്രവർത്തനം ആരംഭിച്ചു. കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുമായി സഹകരിച്ചാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. എല്ലാ മാസവും ആദ്യ വ്യാഴാഴ്ചയാണ് ഒ.പി പ്രവർത്തനം. വി.പി.എസ് ലേക്‌ഷോർ ആശുപത്രി ഹെപ്പറ്റോളജി വിഭാഗം തലവൻ ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ കരൾരോഗ ചികിത്സയിലുള്ളവർക്കും ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കഴിഞ്ഞവർക്കും എൻ.എസ് സഹകരണ ആശുപത്രിയിൽ തുടർ ചികിത്സ നൽകും. ചികിത്സാവിഭാഗത്തിന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ലിവർ ട്രാൻപ്ലാന്റേഷൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. പഥൽ എച്ച്. വീരാൻകുട്ടി, ആശുപത്രി ഭരണസമിതി അംഗങ്ങളായ അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി പി. ഷിബു സ്വാഗതവും പി.ആർ.ഒ ഇർഷാദ് ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.