കൊല്ലം: മനസിൽ നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള പാച്ചിലിലായിരുന്നു പതിനേഴുകാരൻ പ്രശോഭ്, എന്നാലിപ്പോൾ പ്രാണൻ നിലനിറുത്താൻ പിടയുകയാണ്. പ്രശോഭിന്റെ ഇരുവൃക്കകളും പൂർണമായും തകരാറിലാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് അനുദിനം കുറയുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റുവഴിയില്ല. ഒരു കുടുംബത്തിന്റെ അത്താണിയായ പ്രശോഭിന്റെ ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകൾ കനിയണം.
കഴിഞ്ഞ അദ്ധ്യയന വർഷം പ്ലസ് ടു പാസായി ഐ.ടി.ഐയിൽ പ്രവേശനത്തിന് നിൽക്കുമ്പോൾ പ്രശോഭിന്റെ ശരീരത്തിൽ അവിടിവിടെ കുരുക്കൾ വന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ രക്തത്തിൽ അണുബാധയാണെന്ന് പറഞ്ഞു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് നില അതീവഗുരുതരമാണെന്ന് വ്യക്തമായത്. ഇപ്പോൾ ആഴ്ചതോറും ഡയാലിസിസ് നടത്തുകയാണ്. ഇതിന് പുറമേ ഹീമോഗ്ലോബിന്റെ അളവ് കുറയാതിരിക്കാനുള്ള ഇഞ്ചക്ഷനും എടുക്കുന്നു. രണ്ടിനുമായി എണ്ണായിരം രൂപ ആഴ്ചതോറും വേണം. സ്റ്റുഡിയോ ജീവനക്കാരനായ അച്ഛൻ പത്മകുമാറിന് കഷ്ടിച്ച് ആറായിരം രൂപയാണ് മാസം ലഭിക്കുന്നത്. വീട്ടുവാടക മാത്രം നാലായിരം രൂപ വേണം. കടം വാങ്ങിയാണ് ഇതുവരെ ഡയാലിസിസും മറ്റ് ചികിത്സകളും നടത്തിയത്. ഇനി മുട്ടാൻ വാതിലുകളില്ല.
എത്രയും വേഗം വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടമാർ പറയുന്നത്. ഇതിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും വേണം. അമ്മ ബിന്ദുവും സഹോദരൻ പ്രവീണും അടങ്ങുന്ന പ്രശോഭിന്റെ കുടുംബം ഇളമ്പള്ളൂർ ത്രിവേണി ജംഗ്ഷനടുത്താണ് വാടകയ്ക്ക് താമസിക്കുന്നത്. എൻജിനിയറിംഗ് വിദ്യാർത്ഥിയായ പ്രവീൺ പഠനം കഴിഞ്ഞ് രാത്രിനേരങ്ങളിൽ ജോലിയെടുത്ത് സഹോദരന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ശ്രമിക്കുകയാണ്. പക്ഷെ അത് ഒരാഴ്ചയിലെ ഡയാലിസിന്റെ പകുതി കാശടയ്ക്കാൻ പോലും തികയില്ല. ഇനി നല്ല മനസുകളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അമ്മ ബിന്ദുവിന്റെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെമ്മക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 061901000105620, ഐ.എഫ്.എസ്.സി കോഡ്: ഐ.ഒ.ബി.എ 0000619. ഫോൺ: 8547030537 (ഗൂഗിൾ പേ).