sahodaran-ayyappan-

സഹോദരൻ അയ്യപ്പൻ ഓർമ്മയായിട്ട് ഇന്ന് 53 വർഷം

'' ഭരണശക്തി കൈയിലുള്ള ജനതകൾക്കു കീഴമർ-

ന്നപരരൊക്കെയവശരായ് നിന്നിടുന്നു ദീനരായ്

ഭരണശക്തി തന്നിലുള്ള പങ്ക് നമ്മൾ നേടണം

അതിനു നമ്മളൊത്തു ചേർന്നു പൊരുതണം സഹജരേ"

കൊല്ലവർഷം 1124 ധനു എട്ടിന് ചേർന്ന കൊച്ചി എസ്.എൻ.ഡി.പി വിശേഷാൽ സമ്മേളനത്തിൽ അവതരിപ്പിച്ച ഈഴവരുടെ അവകാശ പ്രഖ്യാപനത്തിന്റെ പ്രചാരണ ഘോഷയാത്രകളിൽ അവതരിപ്പിക്കാൻ സഹോദരൻ അയ്യപ്പൻ എഴുതിയ സമുദായ ഗാനത്തിലെ വരികളാണിത്. ഈ വരികൾക്ക് അന്ന് മാത്രമല്ല, ഇന്നും ഏറെ പ്രസക്തിയുണ്ട്. പിന്നാക്കക്കാരന് അർഹതപ്പെട്ട അവകാശങ്ങൾ ഭരണകൂടങ്ങൾ നിഷേധിക്കുന്ന ഈ കാലത്ത്, സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്കക്കാരന്റെ അവസരങ്ങൾ തട്ടിയെടുക്കുന്ന ഈ വേളയിൽ, അധികാര സ്ഥാനങ്ങളിൽ അവർണന് നേരെ ചാതുർവണ്യത്തിന്റെ നിഴൽ മതിൽ നിലനിൽക്കുമ്പോൾ, സഹോദരൻ അയ്യപ്പൻ പണ്ട് പാടിയതു പോലെ ഒത്തൊരുമിച്ച് കൂടുതൽ കരുത്തോടെ പോരാടേണ്ട കാലം കൂടിയാണിത്.

അയ്യപ്പൻ നടത്തിയ അവകാശ പ്രഖ്യാപന പ്രഭാഷണത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു. '' മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്. എല്ലാ സമുദായക്കാരും സമന്മാരാണ്. ജീവിക്കാനും വളരാനും ക്ഷേമൈശ്വര്യങ്ങൾ തേടാനുമുള്ള അവകാശം എല്ലാ സമുദായങ്ങൾക്കുമുണ്ട്. ഇതാണ് സത്യം. ഇതാണ് ധർമ്മം. ഇതാണ് നീതി. ഇതിനെതിരായതെല്ലാം അസത്യവും അധർമ്മവും അനീതിയുമാകുന്നു.'' സഹോദരൻ അയ്യപ്പന്റെ ഈ വാക്കുകൾ മുൻനിറുത്തി നോക്കുമ്പോൾ ഇപ്പോഴും അസത്യത്തിന്റെയും അധർമ്മത്തിന്റെയും അനീതിയുടെയും കാലമാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും തുല്യമായല്ല പങ്കുവയ്ക്കപ്പെടുന്നത്. അധികാര സ്ഥാനങ്ങളിൽ നിർണായക സ്ഥാനമുള്ള സംഘടിത ജാതി, മതശക്തികൾ അർഹതയില്ലാത്തതും തട്ടിയെടുക്കുന്നു. ഉദ്യോഗസ്ഥ പ്രമാണിമാർ പിന്നാക്കക്കാരന്റെ അപേക്ഷകളും അവകാശ പ്രശ്നങ്ങളും ആരുടെയും കണ്ണിൽപ്പെടാതെ പൂഴ്‌ത്തുന്നു. ഈ വിഭാഗത്തിലെ ആയിരങ്ങൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ അന്യന്റെ മണ്ണിൽ അന്തിയുറങ്ങുന്നു. നമ്മുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള മുറവിളികൾ അധികാരികൾ കേട്ടഭാവം കാണിക്കുന്നില്ല.

അവകാശ പ്രഖ്യാപനത്തിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. '' രാഷ്ട്രീയ അധികാരം ഇല്ലായ്മയാണ് അവസര സമത്വത്തിനുള്ള പ്രധാന പ്രതിബന്ധം. രാഷ്ട്രീയ അധികാരമുള്ള ജനങ്ങൾ ഭരിക്കുന്നവരും അതില്ലാത്തവർ ഭരിക്കപ്പെടുന്നവരുമായിരിക്കും. ഭരിക്കുന്നവർക്ക് ശക്തിയും അവകാശങ്ങളും ഭരിക്കപ്പെടുന്നവർക്ക് അശക്തിയും അവശതകളുമാണ് അനുഭവം.'' ഇത് തന്നെയാണ് ഇന്നത്തെ യാഥാർത്ഥ്യം. നിർണായക അധികാര സ്ഥാനങ്ങളിൽ പിന്നാക്കക്കാരും പിന്നാക്ക ആഭിമുഖ്യമുള്ളവരും വിരളമാണ്. അവിടങ്ങളിലേക്ക് നമ്മൾ കടന്നുകയറിയാലെ ഇന്നത്തെ ദയനീയാവസ്ഥകൾക്ക് പരിഹാരം കാണാനാകൂ. സഹോദരൻ അയ്യപ്പൻ പാടിയത് പോലെ ഭരണശക്തിയിലെ പങ്കാളിത്തത്തിനായി ഒത്തൊരുമിച്ച് കൂടുതൽ കരുത്തോടെ പോരാടേണ്ട കാലം കൂടിയാണിത്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ അയിത്ത ഭഞ്ജകനാണ് സഹോദരൻ അയ്യപ്പൻ. മിശ്രഭോജനവും അയിത്തോച്ചാടന സമരങ്ങളും നിരന്തരം സംഘടിപ്പിച്ചു. നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനായി. അദ്ദേഹം ഈഴവ സമുദായത്തിന് വേണ്ടി മാത്രമല്ല ശബ്ദമുയർത്തിയത്. ചാതുർവർണ്യ വ്യവസ്ഥ, മനുഷ്യരായി പരിഗണിക്കാതിരുന്ന എല്ലാ പിന്നാക്ക ജനവിഭാഗങ്ങളുടെയും സമരനായകനായിരുന്നു സഹോദരൻ അയ്യപ്പൻ. ജാതി,മത ഭേദങ്ങളില്ലാതെ എല്ലാവരും തുല്യരായി വസിക്കുന്ന നാടായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതുകൊണ്ട് തന്നെ എസ്.എൻ.ഡി.പി യോഗത്തെ അനാചാരങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ മാത്രം ഒതുക്കിനിറുത്തിയില്ല. കർഷകരെയും കയർത്തൊഴിലാളികളെയും അദ്ദേഹം സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി പ്രസ്ഥാനമെന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ കയർത്തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നതിൽ സഹോദരൻ അയ്യപ്പൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് രൂപംകൊണ്ട ആദി വൈപ്പിൻ തൊഴിലാളി സംഘം, ഓച്ചൻ തുരുത്ത് തൊഴിലാളി യൂണിയൻ, തിരുവിതാംകൂർ ലേബർ അസോസിയേഷൻ, കൊച്ചിൻ ലേബർ അസോസിയേഷൻ എന്നിവയ്ക്ക് പിന്നിലും സഹോദരൻ അയ്യപ്പൻ ആയിരുന്നു. ഈ മാതൃക പിന്തുടർന്നാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും തൊഴിലാളികളെ സംഘടിപ്പിച്ച് തുടങ്ങിയത്.

ആധുനിക കേരളത്തിന്റെ മാർഗദർശി

മണ്ണിൽ പണിയെടുക്കുന്നവന് മണ്ണിന്റെ അവകാശമെന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവച്ചത് സഹോദരൻ അയ്യപ്പനായിരുന്നു. അവകാശ പ്രഖ്യാപന പ്രമേയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് കർഷകർക്കും കുടികിടപ്പുകാർക്കും ഭൂമിയിൽ സ്ഥിരാവകാശം അനുവദിക്കുക എന്നതായിരുന്നു. പിന്നീട് വന്ന ജനാധിപത്യ സർക്കാരുകളെ ഭൂപരിഷ്കരണം നടപ്പാക്കാനുള്ള കരുത്ത് ലഭിച്ചതും അയ്യപ്പനിൽ നിന്നാണ്. ജനപ്രതിനിധി സഭകളിലെല്ലാം ഈഴവർക്ക് സംവരണം. കർഷക പെൻഷൻ, വാർദ്ധക്യപെൻഷൻ, സ്ത്രീക്കും പുരുഷനും തുല്യ ശമ്പളം, 16 വയസ് വരെ നിർബന്ധിത സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പൊതുജനാരോഗ്യ സംവിധാനം, പ്രസവാനുകൂല്യം തുടങ്ങിയ വിപ്ലവാത്മകമായ പല ആവശ്യങ്ങളും അവകാശ പ്രഖ്യാപന പ്രമേയത്തിൽ മുന്നോട്ടുവച്ചിരുന്നു. കാലങ്ങൾക്ക് ശേഷം വാർദ്ധക്യ പെൻഷനും കർഷക പെൻഷനും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും കേരളത്തിൽ നടപ്പായി. അതിനെല്ലാം പുത്തൻ അവകാശികളും ഇന്നുണ്ട്. പക്ഷേ ഈ മുദ്രാവാക്യങ്ങളുയർത്തി ആദ്യം തെരുവിലിറങ്ങിയത് സഹോദരൻ അയ്യപ്പനായിരുന്നു.

രാഷ്ട്രീയത്തിൽ ഇടപെട്ടും രാഷ്ട്രീയം പറഞ്ഞുമാണ് സഹോദരൻ അയ്യപ്പൻ അവകാശങ്ങൾക്കായി പോരാടിയത്. നമ്മൾ രാഷ്ട്രീയം പറയരുതെന്ന് കല്‌പിക്കുന്നവരുടെ ലക്ഷ്യം നമ്മെ അധികാരത്തിൽ നിന്നും മാറ്റിനിറുത്തലാണ്. അവർക്ക് നമ്മൾ വഴങ്ങിക്കൂടാ. വഴങ്ങിയാൽ അവശതയും അശക്തിയും തന്നെയാകും അനുഭവം.

ഗുരുദേവനായിരുന്നു ഭഗവാൻ

ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞപ്പോൾ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്നാണ് സഹോദരൻ അയ്യപ്പൻ പറഞ്ഞത്. അദ്ദേഹം ഇങ്ങനെ പറഞ്ഞത് ഗുരുദേവ ദർശനത്തോട് ഒരു തരിയെങ്കിലും വിയോജിപ്പ് ഉണ്ടായിരുന്നത് കൊണ്ടല്ല. അയ്യപ്പൻ നിരീശ്വര വാദിയായിരുന്നു. അദ്ദേഹം ദൈവം വേണ്ടെന്ന് പറഞ്ഞപ്പോഴും ഗുരുദേവനെ ഭഗവാനായാണ് കണ്ടിരുന്നത്. ഗുരുദേവൻ സമാധിയായപ്പോൾ അയ്യപ്പൻ എഴുതിയ കവിതയിൽ ഗുരുദേവനെ ഭഗവാനെ എന്നാണ് അഭിസംബോധന ചെയ്തത്. ആ വരികൾ ഇങ്ങനെയാണ്.

ജരാരുജാമൃതിഭയമെഴാശുദ്ധ

യശോനിർവാണത്തെയടഞ്ഞ സദ്‌ഗുരോ

ജയനാരായണ ഗുരുസ്വാമിൻ ദേവ

ജയഭഗവാനേ ജയ ജഗദ്‌ഗുരോ !

ഇത് കേൾക്കുമ്പോൾ ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്. നമ്മെ പോരാടാൻ പഠിപ്പിച്ച സഹോദരൻ അയ്യപ്പൻ ഓർമ്മയായിട്ട് ഇന്ന് 53 വർഷം തികയുന്നു. ഇന്നത്തെ അനീതികൾക്കും അധർമ്മങ്ങൾക്കുമെതിരെ അയ്യപ്പൻ തെളിച്ച വഴിയിലൂടെ, സഞ്ചരിച്ച മാർഗങ്ങളിലൂടെ തന്നെ നമുക്ക് മുന്നേറാം.