യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു
കരുനാഗപ്പള്ളി: ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടസാദ്ധ്യതയുള്ള കരോട്ട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ തെക്കേ അതിർത്തിയായ കന്നേറ്റി പാലത്തിന് വടക്കുഭാഗത്താണ് സിഗ്നൽ ലൈറ്റുകളില്ലാത്തത്. ഈ ഭാഗത്ത് വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. ഈ ആവശ്യം പലതവണ ദേശീയപാതാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇവിടത്തെ വർദ്ധിച്ച വാഹനത്തിരക്കിൽ ദേശീയപാത മുറിച്ചുകടക്കാൻ യാത്രക്കാർ ഏറെ നേരം കാത്തുനിൽക്കേണ്ടി വരും. അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കരോട്ട് ജംഗ്ഷൻ
ശ്രീനാരായണ ജലോത്സവം നടത്തുന്ന പള്ളിക്കലാറ്റിലെ ശ്രീനാരായണ ഗുരുദേവ ടെർമിനലിൽ നിന്നുള്ള അപ്രോച്ച് റോഡും കോഴിക്കോട് പുത്തൻചന്തയിൽ നിന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന റോഡും സന്ധിക്കുന്നത് കരോട്ട് ജംഗ്ഷനിലാണ്. വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നത് ഈ അപ്രോച്ച് റോഡുകളിലൂടെയാണ്. കന്നേറ്റി പാലമിറങ്ങി വളവ് തിരിഞ്ഞ് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഗതാഗത തടസം
നാല് റോഡുകൾ സന്ധിക്കുന്ന ഇവിടെ അപകടങ്ങൾ സംഭവിച്ചാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സൗകര്യമില്ലാത്തതിനാൽ ദീർഘസമയം ഗതാഗത തടസമുണ്ടാവാറുണ്ട്. ലാലാജി ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് കടന്നാൽ അമിത വേഗതയിലാണ് വാഹനങ്ങൾ ഇരു വശങ്ങളിലേക്കും പായുന്നത്. അപ്രോച്ച് റോഡുകളിൽ നിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കുമ്പോഴാണ് പാലമിറങ്ങി വരുന്ന വാഹനങ്ങൾ അപകടങ്ങൾ സൃഷ്ടിക്കുന്നത്.