shenaji

കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ചാത്തന്നൂരിലോ കുണ്ടറയിലോ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. ഈഴവ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള ജില്ലയിൽ ഈ വിഭാഗത്തിൽ നിന്ന് ഒരാൾക്ക് പോലും കോൺഗ്രസ് ടിക്കറ്റ് ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായ ഷേണാജിക്ക് വേണ്ടി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

ചാത്തന്നൂരിൽ സമീപഭാവിയിൽ ജയിച്ച കോൺഗ്രസുകാരായ സി.വി. പത്മരാജനും പ്രതാപവർമ്മ തമ്പാനും ഈഴവ വിഭാഗത്തിൽ നിന്നുള്ളവരാണ്. കോൺഗ്രസിന്റെ അടിത്തറയ്ക്ക് പുറമേ ഈഴവ വോട്ടുകളുടെ കേന്ദ്രീകരണവും ബന്ധുവലയവുമാണ് ഇവർക്ക് തുണയായത്. സമാനമായ സാദ്ധ്യതയാണ് ഷേണാജിക്കുള്ളത്. യോഗം നേതൃത്വം മുതൽ ശാഖാതലം വരെയുള്ള അടുത്ത ബന്ധത്തിന് പുറമേ വിശാലമായ ബന്ധുവലയവും ഷേണാജിക്ക് ചാത്തന്നൂരിലുണ്ട്. ഇത്തവണ ചാത്തന്നൂർ സീറ്റിന് വേണ്ടി കോൺഗ്രസിൽ കാര്യമായ വടംവലിയില്ല. രാഷ്ട്രീയത്തിന് അതീതമായ സ്വാധീനമുള്ളയാളെ കളത്തിലിറക്കിയാൽ ഉറപ്പായും മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം പ്രവർത്തകർ പങ്കുവയ്ക്കുന്നു. നെടുങ്ങോലം രഘുവും ഇവിടെ പരിഗണനയിലുണ്ട്.

 പിന്നാക്ക വോട്ടുകളും പിന്നാലെയെത്തും

സമീപകാലത്ത് രൂപം കൊണ്ട ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ഏറ്റവും സജീവമായുള്ള നിയമസഭാ മണ്ഡലമാണ് കുണ്ടറ. ഈ മേഖലയിൽ നിരന്തരം സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതിന് പുറമേ കൊവിഡ് ആശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കുണ്ടറയിൽ ഷേണാജി എത്തിയാൽ ഈഴവ വോട്ടുകൾക്ക് പുറമേ ഒ.ബി.സി നേതാവ് എന്ന നിലയിൽ മുസ്ലീം, ക്രിസ്ത്യൻ വോട്ടുകളും അനുകൂലമാകുമെന്നാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നവർ പറയുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാനാണ് ഇവിടെ പരിഗണനയിലുള്ള മറ്റൊരാൾ. ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി അവർത്തിക്കുമെന്ന സൂചനയും ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകർ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

 ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ ഷേണാജി

ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടനയുടെ ദേശീയ കമ്മിറ്റിക്ക് സ്ഥാനാർത്ഥി പട്ടിക നൽകിയിട്ടുണ്ട്. ഇതിൽ ജില്ലയിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ള പ്രമുഖൻ ഷേണാജിയാണ്. അന്തിമ പട്ടിക തയ്യാറാക്കുമ്പോൾ രമേശ് ചെന്നിത്തല ഷേണാജിയുടെ പേര് മുന്നോട്ടുവയ്ക്കുമെന്ന സൂചനയുമുണ്ട്. ജില്ലയിൽ ഏഴ് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാനാണ് സാദ്ധ്യത. ഇതിൽ ഒരു സീറ്റിലെങ്കിലും ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ഭാരവാഹിയെ പരിഗണിക്കണമെന്ന് സംഘടനയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗം ഡി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 സമരമുഖങ്ങളിലെ ശ്രദ്ധാകേന്ദ്രം

മുളങ്കാടകം സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ 82ലാണ് ഷേണാജി കെ.എസ്.യു പ്രവർത്തനം തുടങ്ങിയത്. പിന്നീട് എസ്.എൻ കോളേജിലെത്തിയപ്പോൾ നേതാവായി ഉയർന്നു. ലോ അക്കാദമിയിലെ പഠനകാലത്ത് കെ.എസ്.യുവിന്റെ സമരമുഖങ്ങളിലെ ശ്രദ്ധാകേന്ദ്രമായി. നിരവധി തവണ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. പിന്നീട് യൂത്ത് കോൺഗ്രസിലും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിലും സജീവമായി. യൂത്ത്മൂവ്മെന്റ് കൊല്ലം യൂണിയൻ ചെയർമാൻ, ജില്ലാ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റത്.