lottery

ചാത്തന്നൂർ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഏജന്റുമാരെ പറ്റിച്ച് സമ്മാനത്തുക കൈപ്പറ്റുന്ന സംഭവം ചാത്തന്നൂരിൽ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം മാമ്പള്ളിക്കുന്നം ശിവശൈലത്തിൽ അജീഷ് എന്ന ഏജന്റിന് ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ 5000 രൂപ നഷ്ടമായി.

രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഖദർ വസ്ത്രം ധരിച്ച് വിലകൂടിയ കാറിലെത്തിയയാൾ വിൻവിൻ ലോട്ടറിയുടെ 5000 രൂപ സമ്മാനം ലഭിച്ച 5006ൽ നമ്പർ അവസാനിക്കുന്ന ടിക്കറ്റ് നൽകി. ഇത് പരിശോധിച്ച അജീഷ് അയാൾ ആവശ്യപ്പെട്ട പ്രകാരം 3000 രൂപയും 2000 രൂപയുടെ ടിക്കറ്റും നൽകി. തുടർന്ന് പരവൂരിലെ ലോട്ടറി സ്റ്റോറിലെത്തി ബാർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് ടിക്കറ്റിന്റെ അവസാന നമ്പർ 5003 ആണെന്ന് മനസിലായത്. ഇത് ചുരണ്ടി 5006 എന്ന് തിരുത്തിയ നിലയിലായിരുന്നു.

ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാൾ സഞ്ചരിച്ച കാർ സി.സി ടി.വി ദൃശ്യത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം തിരുമുക്കിന് സമീപത്ത് വയോധികയായ ലോട്ടറി കച്ചവടക്കാരിയും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരുന്നു.