bus
ബസ് സർവ്വീസ് പുനസ്ഥാപിക്കണമെന്ന് മേലില നിവാസികൾ

കുന്നിക്കോട് : മേലിലയിൽ റോഡ് നവീകരിച്ചു. ഇനി ആവശ്യം ബസ് സർവീസാണ്. യാത്രാക്ലേശം രൂക്ഷമായതോടെ മേലില നിവാസികളുടെ ആവശ്യം ശക്തമാകുന്നു.ഗ്രാമപ്രദേശമായതിനാൽ ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങി പല ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരും. ഇടത്തര സാമ്പത്തിക ശേഷിയുള്ളവർ കൂടുതലുള്ള പ്രദേശമായതിനാലും സ്വകാര്യ വാഹന ഉടമകൾ അധികമില്ലാത്തതിനാലും പൊതുഗതാഗത സംവിധാനത്തെയാണ് ഇവർ കൂടുതലും ആശ്രയിക്കുന്നത്.

49 കോടി ചെലവഴിച്ച് റോഡ് നവീകരണം

വർഷങ്ങൾക്ക് മുൻപ് പുനലൂർ -കോട്ടവട്ടം വഴി മേലിലയ്ക്ക് ബസ് സർവീസുണ്ടായിരുന്നു. അന്നത്തെ റോഡുകളുടെ മോശം അവസ്ഥയിൽ മിക്കപ്പോഴും ബസ് സർവീസ് മുടങ്ങാറുണ്ടായിരുന്നു. തകർന്ന റോഡിലൂടെ ഓടുന്ന ബസുകൾക്ക് നിരന്തരം വരുന്ന തകരാറുകാരണം റോഡ് നവീകരിച്ചതിന് ശേഷം മാത്രമേ ബസ് സർവീസ് തുടരുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരുന്നു. പക്ഷേ 49 കോടി രൂപ മുതൽ മുടക്കി ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചിട്ടും ബസ് സർവീസ് പുന:സ്ഥാപിച്ചിട്ടില്ല. പലപ്പോഴും അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഓട്ടോറിക്ഷകൾ ആശ്രയം

ബസ് സർവീസ് ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയാണ്. നടക്കാവുന്നതിലും കൂടുതൽ ദൂരമുള്ള സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ദിവസേന വൻ തുകയാണ് യാത്രയ്ക്ക് ചെലവാകുന്നത്. സാധാരണക്കാരുള്ള പ്രദേശമായതിനാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇത്തരത്തിലുള്ള അമിത ചെലവ് താങ്ങാവുന്നതല്ല. അധികാരികൾ ഇടപെട്ട് എത്രയും വേഗം ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.