
 കുടുംബങ്ങളുടെ നട്ടെല്ലൊടിച്ച് ഇന്ധന വില
കൊല്ലം: സ്വകാര്യവാഹനങ്ങൾ ഉപേക്ഷിച്ച് നഗരത്തിൽ ബസ് യാത്ര പതിവാക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ധന വില വർദ്ധനവ് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചതോടെ ജനങ്ങൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുകയാണ്.
ഓഫീസുകളിൽ ഉൾപ്പെടെ പോയിവരാൻ നേരത്തെ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചിരുന്നവരിൽ ഭൂരിഭാഗവും പൊതുവാഹനങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്. ജോലിക്ക് ഇരുചക്രവാഹനങ്ങൾ അവശ്യമായവരും ബസ് സർവീസുകൾ കുറവായ മേഖലകളിലുള്ളവരും മാത്രമാണ് ഇപ്പോഴും പഴയപടി യാത്ര തുടരുന്നത്.
ബസ് യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ നഗരത്തിലോടുന്ന പല ബസുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി പരാതി ഉയരുന്നുണ്ട്. കീശ കാലിയാകുന്നതിനേക്കാൾ വലുതല്ല കൊവിഡ് എന്നാണ് യാത്രക്കാരുടെ പ്രതികരണം. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് തിരക്കൊഴിവാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
 മുഖംതിരിച്ച് ആനവണ്ടി
സ്വകാര്യബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കൊല്ലം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന കൂട്ടിക്കട, കുരീപ്പുഴ, പ്രാക്കുളം, അഷ്ടമുടി, പെരുമൺ, വെള്ളിമൺ, പനയം, കൈതക്കോടി, കുമ്പളം, പടപ്പക്കര, മൺറോത്തുരുത്ത് സർവീസുകൾ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. ശരാശരി വരുമാനത്തിന് മുകളിൽ ലഭിക്കുന്ന സർവീസുകളായിട്ടുകൂടി ഇവ പുനരാരംഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. ഡ്രൈവർമാർ കുറവാണെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് അധികൃതർ.