
 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം
കൊല്ലം: ജില്ലയിൽ എൻ.ഡി.എയ്ക്ക് കൂടുതൽ വിജയസാദ്ധ്യതയുള്ള ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാൻ ഇടതുമുന്നണിയുടെ തന്ത്രപരമായ നീക്കം. നിലവിലെ എം.എൽ.എയായ ജി.എസ്. ജയലാലിനെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.ഐയുടെ ആലോചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബി.ജെ.പി രണ്ടാമതെത്തിയിരുന്നു. സ്വകാര്യ ആശുപത്രി ഇടപാടിൽ ആരോപണ വിധേയനായതിന്റെ പേരിൽ പാർട്ടി നടപടിയെടുത്തതിനാൽ ജയലാലിന് ഇക്കുറി സീറ്റ് കൊടുക്കേണ്ടെന്ന് സംസ്ഥാനതലത്തിൽ ആലോചന നടന്നിരുന്നെങ്കിലും വ്യക്തമായ തിരുമാനം കൈക്കൊണ്ടിരുന്നില്ല. ജയലാലിന് വിജയസാദ്ധ്യതയുണ്ടെന്നാണ് സി.പി.ഐയുടെയും ഇടതുമുന്നണിയുടെയും വിലയിരുത്തൽ. ജയലാലിന് പകരം പുതിയ സ്ഥാനാർത്ഥിയെ ഇറക്കിയാൽ ബി.ജെ.പിക്ക് വോട്ട് കൂടിയേക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയിൽ ബി.ജെ.പി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ചാത്തന്നൂർ മണ്ഡലത്തിലാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചെടുത്തതും അപ്രതീക്ഷിതമായിരുന്നു. ചാത്തന്നൂർ ഒഴികെയുള്ള ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി ഒരു ഭീഷണിയേയല്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. മന്ത്രി രാജുവും മുൻ മന്ത്രിയും എം.എൽ.എയുമായ മുല്ലക്കര രത്നാകരനും ഇക്കുറി മത്സരരംഗത്തില്ലാത്തതിനാൽ പുനലൂരിലും ചടയമംഗലത്തും യഥാക്രമം പി.എസ്. സുപാലിനെയും പി. പ്രസാദിനെയും മണ്ഡലം കമ്മിറ്റികൾ നിർദേശിക്കാനാണ് സാദ്ധ്യത. കരുനാഗപ്പള്ളിയിൽ നിന്ന് നിലവിലെ എം.എൽ.എ ആർ. രാമചന്ദ്രനെ ശുപാർശ ചെയ്‌തേക്കും.
 മണ്ഡലം കമ്മിറ്റികൾ ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ശുപാർശ ചെയ്യാനുള്ള സി.പി.ഐ മണ്ഡലം കമ്മിറ്റികൾ ഇന്ന് ചേരാൻ ജില്ലാകൗൺസിൽ യോഗം തീരുമാനിച്ചു. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റികളാണ് ഞായറാഴ്ച ചേരുന്നത്. തൊട്ടടുത്ത ദിവസം തന്നെ ജില്ലാ എക്‌സിക്യുട്ടീവും ചേരും. മണ്ഡലം കമ്മിറ്റികൾ ശുപാർശചെയ്ത പേരുകൾ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. ഒൻപതിന് സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.