പടിഞ്ഞാറേ കല്ലട: പഞ്ചായത്തിലെ കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് റോഡിന്റെ ടാറിംഗ് വൈകുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കിഫ്ബി പദ്ധതിയനുസരിച്ച് റോഡിന്റെ നവീകരണം ആരംഭിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. മിക്ക സ്ഥലങ്ങളിലും മെറ്റൽ ഇളകിക്കിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനുപുറമേ ഗതാഗതതടസവും അപകടവുമുണ്ടാക്കുന്ന തരത്തിൽ പല സ്ഥലങ്ങളിലും റോഡിലേക്ക് മരച്ചില്ലകൾ ചായ്ഞ്ഞ് നിൽക്കുകയാണ്. റോഡിന്റെ ഉയരം ഒരു മീറ്ററിലധികം പല സ്ഥലങ്ങളിലും വർദ്ധിപ്പിച്ചതിനാൽ ഈ ഭാഗത്തെ വൈദ്യുതി കമ്പികൾ ഉയർത്തണമെന്നും എത്രയും വേഗം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ടാറിംഗ് പൂത്തീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
കൈയേറ്റ ഭാഗങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത
ഒൻപത് കിലോമീറ്റർ ദുരമുള്ള റോഡിന്റെ കൈയേറ്റ ഭാഗങ്ങൾ സർവേവിഭാഗം ജീവനക്കാർ അളന്നു കല്ലിട്ട് തിരിച്ചിട്ടും ആ സ്ഥലങ്ങൾ ഏറ്റെടുക്കാതെയാണ് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. മിക്ക സ്ഥലങ്ങളിലെയും മതിലുകളും കടകളുടെ ഇറക്കുകളും നീക്കം ചെയ്യുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ഇതുമൂലം വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനവും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.