quari

കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങളെയും ആയിരക്കണക്കിന് തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി ജില്ലയിലെ എല്ലാ പാറക്വാറികളും വൈകാതെ സ്തംഭിക്കും. ജനവാസ മേഖലയിൽ നിന്നുള്ള ദൂരപരിധി 200 മീറ്ററായി ഉയർത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

നിലവിൽ 26 ക്വാറികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മാർച്ചോടെ ഇവയിൽ ഭൂരിഭാഗവും അടയും. ശേഷിക്കുന്നവയും വൈകാതെ സ്തംഭിക്കും. കഴിഞ്ഞ ജൂലായ് 21നാണ് ദൂരപരിധി ഉയർത്തിക്കൊണ്ടുള്ളു ഉത്തരവ് വന്നത്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. റിട്ട് പരിശോധിച്ച ഹൈക്കോടതി ജഡ്ജി അലക്സാണ്ടർ തോമസ് നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ തൽസ്ഥിതി തുടരാനും പുതിയവ ആരംഭിക്കാനും ലൈസൻസ് പുതുക്കാനും ഹരിത ട്രൈബ്യൂണൽ ഉത്തരവ് ബാധകമാക്കിയും ഇടക്കാല ഉത്തരവിട്ടു. പിന്നീട് റിട്ടിൽ വാദം കേട്ട സിംഗിൾ ബഞ്ചും സമാനമായ ഉത്തരവിട്ടു. നിലവിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ക്വാറികളുടെയും ലൈസൻസ് കാലാവധി മാർച്ചിൽ അവസാനിക്കും. ജനവാസമേഖലയിൽ നിന്ന് 200 മീറ്റർ ദൂരപരിധിയില്ലാത്തതിനാൽ ഈ ക്വാറികൾക്കൊന്നും ലൈസൻസ് പുതുക്കി ലഭിക്കില്ല. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ ഈ ഉത്തരവ് പ്രായോഗികമല്ല.

 പ്രവർത്തിക്കുന്നത് പരിമിതമായ എണ്ണം

1967ലാണ് സംസ്ഥാനത്ത് ക്വാറികൾക്കുള്ള ദൂരപരിധി 50 മീറ്ററായി നിശ്ചയിച്ച് അനുമതി നൽകിത്തുടങ്ങിയത്. 2015ൽ യു.ഡി.എഫ് സർക്കാർ നൂറ് മീറ്ററായി ഉയർത്തി. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും സ്തംഭിച്ചു. പിന്നീട് എൽ.ഡി.എഫ് സർക്കാർ വീണ്ടും 50 മീറ്ററായി കുറച്ചു. ഇതിനിടയിൽ 2016ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറികൾക്ക് ജില്ലാ പാരിസ്ഥിതി ആഘാത സമിതിയിൽ നിന്നുള്ള അനുമതി നിർബന്ധമാക്കിയിരുന്നു. ഈ സമിതിയുടെ യോഗ്യത സംബന്ധിച്ച് പരാതി ഉയർന്നതോടെ അനുമതി നൽകാനുള്ള അധികാരം പിൻവലിച്ചു. ഇതിനിടയിൽ ഈ സമിതിയിൽ നിന്ന് അനുവാദം ലഭിച്ചതും സംസ്ഥാന പാരിസ്ഥിതി ആഘാത സമിതിയിൽ നിന്ന് ക്ലിയറൻസ് ലഭിച്ചതുമായ ക്വാറികളാണ് ഇപ്പോൾ ജില്ലയിൽ പ്രവർത്തിക്കുന്നത്.

 വിഴിഞ്ഞം തുറമുഖ നിർമ്മാണം ത്രിശങ്കുവിൽ

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള പാറ എത്തിക്കാൻ ജില്ലയിലെ പാറ ക്വാറികളുമായി ധാരണയിലെത്തിയിരുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നതോടെ ഇത് തുലാസിലായിരിക്കുകയാണ്. പാറ കിട്ടാത്തതാണ് വിഴിഞ്ഞം പദ്ധതി ഇഴയാനുള്ള പ്രധാന കാരണം. സ്വകാര്യ, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ ഗതിയാകും.

 ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ: 26