ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുറത്തുവരുന്ന വാർത്തകൾ കേരളത്തിന് അപമാനകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയ്ക്ക് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഭരണിക്കാവിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റൊരു മന്ത്രിക്കുമെതിരെ ഉണ്ടാകാത്ത ആരോപണങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ കുപ്രചാരണങ്ങളിലൂടെ ബി.ജെ.പിയിൽ നിന്ന് അകറ്റുന്ന ഇടത് - വലത് മുന്നണികളുടെ പതിവ് ശൈലി ഇത്തവണ നടക്കില്ല. മോദി മോഡൽ ഭരണമാണ് കേരളജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ എത്തിയവരെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ, എം.ടി. രമേശ്, എസ്. സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സിന്ധു മോൾ, കെ. ഗണേശ്, അഡ്വ. ജയസൂര്യൻ, നാരയണൻ നമ്പൂതിരി, രാജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ടി. സുരേഷ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.