കരുനാഗപ്പള്ളി: അഴിമതിയുടെ തടവറയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിജയ യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട് ഭരിക്കുന്ന സർക്കാർ സ്വർണക്കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഹുൽഗാന്ധിയും കോൺഗ്രസും കടലിൽ ചാടേണ്ടി വരും. കേരളത്തിൽ വർദ്ധിച്ചുവരുന്ന മതതീവ്രവാദത്തെ അമർച്ച ചെയ്യാൻ പിണറായി സർക്കാരിന് കഴിയുന്നില്ലെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ രേണു സുരേഷ്, എം.വി. രാധാകൃഷ്ണൻ, വെറ്റമുക്ക് സോമൻ, രഞ്ജിത്ത്, മാലുമേൽ സുരേഷ്, എസ്. കൃഷ്ണൻ,ശാലിനി രാജീവൻ, അജയൻ വാഴപ്പള്ളി, ആർ. മുരളി, ജി. പ്രതാപൻ, രാജീ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കല്ലുകടവിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥാക്യപ്ടനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്.