
കുന്നത്തൂർ : കുന്നത്തൂർ പഞ്ചായത്തിൽ വൈദ്യുതി സെക്ഷൻ ഓഫീസ് വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളെത്രയായി. കുന്നത്തൂർ കേന്ദ്രീകരിച്ച് സെക്ഷൻ ഒാഫീസ് അനുവദിക്കുമെന്നുള്ള അധികൃതരുടെ ഉറപ്പിനും വർഷങ്ങളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെക്ഷൻ പരിധിയിലാണ് കുന്നത്തൂർ, തുരുത്തിക്കര, കരിന്തോട്ടുവ, പോരുവഴി, ഇടിഞ്ഞകുഴി, തൊളിക്കൽ, അമ്പലത്തുംഭാഗം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ. വൈദ്യുതി ബിൽ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് പത്തനംതിട്ട ജില്ലയിൽ പോകേണ്ട ഗതികേടിലാണിവർ. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതികളും നാട്ടുകാരും നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
ഫോൺ എടുക്കാറില്ലെന്ന് ഉപഭോക്താക്കൾ
കുന്നത്തൂരിൽ ഓവർസിയർ ഓഫീസ് ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. രാത്രിയിൽ വൈദ്യുതി തടസമുണ്ടായാൽ കടമ്പനാട്ടേക്ക് പരാതി അറിയിക്കാൻ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. അടിയന്തര ഘട്ടങ്ങളിൽ സേവനം അപര്യാപ്തമാണെന്നാണ് പരാതി.
പ്രഖ്യാപനം മാത്രം
വർഷങ്ങൾക്കു മുമ്പ് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ പഞ്ചായത്തായി കുന്നത്തൂരിനെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നടത്തവേ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എസ്. ശർമ്മയാണ് സെക്ഷൻ ഓഫീസ് അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ സമ്പൂർണ വൈദ്യുതീകരണ ഗ്രാമത്തിൽ സെക്ഷൻ ഓഫീസെന്ന ജനങ്ങളുടെ സ്വപ്നം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.
കുന്നത്തൂർ പഞ്ചായത്തിൽ സർക്കാർ അനുവദിച്ച സെക്ഷൻ ഓഫീസ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാത്തതും ശൂരനാട് വടക്ക് പഞ്ചായത്തിലെ സെക്ഷൻ ഓഫീസ് പരിധിയിൽ നിന്നും ചില പ്രദേശങ്ങളെ പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ എന്ന സ്ഥലത്തേക്ക് മാറ്റിയതും സ്ഥലം എം.എൽ.എയുടെ പരാജയമാണ്. ഇതു സംബന്ധിച്ച് നാട്ടുകാരും ജനപ്രതിനിധികളും നൽകിയിട്ടുള്ള നിവേദനങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല.
ഉല്ലാസ് കോവൂർ