ചവറ: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വന്ന വെളിപ്പെടുത്തലുകൾ ഗൗരവകരമാണെന്ന് യു.ഡി.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഡോളർ കടത്തുകേസിലെ വെളിപ്പെടുത്തൽ വന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവർത്തകർ ചവറയിൽ പ്രതിഷേധ പ്രകടനം നടത്തി. ശങ്കരമംഗലം ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്നു നടന്ന പ്രതിഷേധ യോഗം യു.ഡി.വൈ.എഫ് ജില്ലാ ചെയർമാൻ എസ്. ലാലു ഉദ്ഘാടനം ചെയ്തു. സരിതയുടെ മൊഴി വിശ്വസിച്ച് സോളാർ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിട്ട മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടുപ്രതി സ്വപ്നയുടെ മൊഴിയും വിശ്വസിക്കാതെ തരമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ കത്തെഴുതി വിളിച്ചുവരുത്തി അന്വേഷണം നടത്തിച്ച മുഖ്യമന്ത്രി ഇപ്പോൾ അതിനെ തള്ളിപ്പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.വൈ.എഫ് ചവറ മണ്ഡലം പ്രസിഡന്റ് ശരത്ത് പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. വിഷ്ണു മോഹൻ, വിനു മംഗലത്ത്, കുറ്റിയിൽ മുഹ്സിൻ, മുനീർ, ജാക്സൺ, മഹേഷ്, ഫിറോസ് പള്ളത്ത്, ഷെമീർ എന്നിവർ സംസാരിച്ചു.