കൊല്ലം: അഴിമതി മുഖമുദ്രയാക്കിയ സർക്കാരാണ് പിണറായി വിജയന്റേതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് കൊല്ലം പീരങ്കി മൈതാനത്ത് ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുകടം ഇരട്ടിച്ചതാണ് ഇടത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ബി.ജെ.പി അധികാരത്തിലെത്തിയാൽ കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യതൊഴിലാളികളെ ഒറ്റുകൊടുക്കലായിരുന്നു. യു.പി.എ ഭരണകാലത്ത് കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാർ ഉണ്ടായിട്ടും ആ സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിന്റെ മൂന്നിരട്ടി ഫണ്ട് നരേന്ദ്രമോദി സർക്കാർ അനുവദിച്ചെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ്. സുരേഷ്, രാജി പ്രസാദ്, രേണു സുരേഷ്, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, കൊട്ടിയം സുരേന്ദ്രനാഥ്, എ,ജെ. ശ്രീകുമാർ, ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്, ജില്ല സെക്രട്ടറി വി.എസ്. ജിതിൻദേവ്, വെറ്റമുക്ക് സോമൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ അജയൻ തേനങ്കര, സാംരാജ്, സി.ബി. പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. വെളിയം രാജീവ് ബി.ജെ.പിയിൽ
എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും മുൻ നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. വെളിയം രാജീവ് ബി.ജെ.പിയിൽ ചേർന്നു. കെ. സുരേന്ദ്രൻ വെളിയം രാജീവിനെ പൊന്നാട അണിയിച്ചാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്.