കുണ്ടറ: അഴിമതി അവസാനിച്ചുകാണാൻ ജനങ്ങൾ ആഗ്രഹിക്കുമ്പോൾ ഓരോ ദിവസവും അഴിമതിയുടെ പുതിയ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി കുണ്ടറയിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന പ്രമുഖ വ്യക്തികളെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അണിനിരത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വർഗീയ സംഘടനകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത, ജനറൽ സെക്രട്ടറി രാഗേന്ദു, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വചസ്പതി, വി.ടി. രമ തുടങ്ങിയവർ സംസാരിച്ചു.