കൊല്ലം: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാർ വകുപ്പ് കൈയേറുന്ന ഭൂമി എസ്.എൻ ട്രസ്റ്റിന്റേത് തന്നെയെന്ന് റീസർവേ രേഖകൾ. എസ്.എൻ കോളേജിന്റെ മതിൽക്കെട്ടിന് പുറത്തുള്ളതാണെന്ന ന്യായം പറഞ്ഞാണ് സ്പോർട്സ് ഡയറക്ടറേറ്റ് വസ്തു കൈയേറുന്നത്.
1946 ഡിസംബറിലാണ് പാട്ടവ്യവസ്ഥയിൽ 29.26 ഏക്കർ ഭൂമി എസ്.എൻ ട്രസ്റ്റിന് ലഭിച്ചത്. പിന്നീട് ഈ വസ്തുവിന് പട്ടയം പതിച്ചുനൽകിയപ്പോൾ കന്റോൺമെന്റ് മൈതാനത്തിന് കിഴക്കേയറ്റത്തുള്ള 0.53 ഹെക്ടർ സ്ഥലം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കൈവശാവകാശം ട്രസ്റ്റിൽ തന്നെ നിക്ഷിപ്തമായിരുന്നു.
2005ലെ 201-ാം നമ്പർ റവന്യൂവകുപ്പ് ഉത്തരവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുള്ള ഭൂമിക്ക് നിബന്ധനകൾക്ക് വിധേയമായി പട്ടയം പതിച്ചുനൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ദേശീയപാത, പൊതുമരാമത്ത് റോഡ് എന്നിവയുടെ ഭാവി വികസനത്തിന് സ്ഥലം വിട്ടുനൽകണമെന്ന ധാരണയും അന്ന് നിലവിൽ വന്നു. അതിന്റെ ഭാഗമായി ഇരുറോഡുകളുടെയും ഭാവി വികസനം ലക്ഷ്യമിട്ട് 0.7269 ഹെക്ടർ സ്ഥലം വശങ്ങളിൽ ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്.
റീസർവേ രേഖകളിലും ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രസ്റ്റിന്റെ കൈവശാവകാശത്തിലുള്ള ഭൂമിയിലേക്കുള്ള അനധികൃത കൈയേറ്റം അധികൃതരുടെ ധാർഷ്ട്യത്തിന്റെയും കൈയൂക്കിന്റെയും ഉദാഹരണമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.
ആർ. ശങ്കറിന്റെ പ്രതിമ നിർമ്മാണത്തിലും എതിർപ്പ്
എസ്.എൻ കോളേജിന് മുൻവശം സ്ഥാപിച്ചിട്ടുള്ള ആർ. ശങ്കറിന്റെ പൂർണകായ പ്രതിമയുടെ നിർമ്മാണഘട്ടത്തിലും ചില സ്ഥാപിത താത്പര്യക്കാർ കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഭൂമി കൈയേറിയെന്നായിരുന്നു അന്നത്തെ ആരോപണം. ഭൂമിയുടെ അവകാശം എസ്.എൻ ട്രസ്റ്റിന് തന്നെയെന്ന് കോടതിക്ക് ബോദ്ധ്യമായതിനെ തുടർന്ന് നിർമ്മാണം തുടരാൻ അനുവദിക്കുകയായിരുന്നു. 2015 ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.
റോഡ് വികസനത്തിന് ഒഴിച്ചിട്ടിട്ടുള്ളത്: 0.7269 ഹെക്ടർ
01. ദേശീയപാത: 0.2346 ഹെക്ടർ
02. പൊതുമരാമത്ത് റോഡ്: 0.4923 ഹെക്ടർ
"
റീസർവേ അനുസരിച്ച് കൈവശാവകാശത്തിലുള്ള 0.5393 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എൻ കോളേജിന്റെ ഭാവി വികസനത്തിന് ആവശ്യമായ ഭൂമി കൈയേറുന്നത് അനുവദിക്കാനാവില്ല.
ഡോ. ജി. ജയദേവൻ
എസ്.എൻ ട്രസ്റ്റ് ട്രഷറർ