കൊല്ലം: ദുബായ് ആസ്ഥാനമായ അരോമ ഇന്റർനാഷണൽ ബിൽഡിംഗ് - കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെ ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ സെൻട്രൽ ലൈബ്രറിയിൽ 'ടി.കെ.എം - അരോമ ലേസ്' മത്സരപരീക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ്, എൻജിനിയറിംഗ് സർവീസസ്, കോമൺ അഡ്മിഷൻ ടെസ്റ്റ്, ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനം കേന്ദ്രത്തിൽ ലഭ്യമാണ്.
ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ, അരോമ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറും കോളേജിലെ 1989 ബാച്ച് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ പി.കെ. സജീവ് എന്നിവർ ചേർന്ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്, ട്രസ്റ്റ് അംഗം ഡോ. എം. ഹാറൂൺ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ. എച്ച്. തിലകൻ, ലൈബ്രേറിയൻ ഡോ. എസ്. അജീംഷാ തുടങ്ങിയവർ പങ്കെടുത്തു.
ഓൺലൈൻ പഠനസാമഗ്രികളുടെ സഹായത്തോടെ ഗ്രൂപ്പ് ചർച്ചകൾക്കുതകുന്ന മീറ്റിംഗ് സ്പേസ്, ഇന്ററാക്റ്റീവ് ബോർഡ്, മത്സര പരീക്ഷകൾക്കാവശ്യമായ പുസ്തകങ്ങൾ, ജേണലുകൾ, മാഗസിനുകൾ, മുഴുവൻ സമയ വൈഫൈ സംവിധാനം എന്നിവയോടെ 45 വിദ്യാർത്ഥികൾക്ക് ഒരേസമയം കേന്ദ്രത്തിൽ പരിശീലനം നേടാൻ കഴിയും.