ഗതാഗതം വഴിതിരിച്ചുവിടണമെന്ന് ആവശ്യം
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് മൂടിയ റോഡിൽ വാഹനങ്ങൾ പുതഞ്ഞുതാഴുന്നു. കൊല്ലം - ആയൂർ റോഡിൽ ചെമ്മാൻമുക്ക് മുതൽ മണിച്ചിത്തോട് വരെയുള്ള ഭാഗത്താണ് വാഹനങ്ങൾ പുതയുന്നത്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് കൂടുതലായും ബുദ്ധിമുട്ടുന്നത്. മണ്ണിൽ പുതയുന്ന ചെറിയ വാഹനങ്ങൾ മറ്റുള്ളവരുടെ സഹായത്തോടെ തള്ളിമാറ്റിയ ശേഷമാണ് യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം രാവിലെ യാത്രക്കാരുമായെത്തിയ സ്വകാര്യബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മണ്ണിൽ പുതഞ്ഞിരുന്നു. ഏറെ ശ്രമപ്പെട്ട് യാത്രക്കാരുടെ സഹായത്തോടെ തള്ളിമാറ്റിയാണ് ഒടുവിൽ യാത്ര തുടർന്നത്.
മണ്ണിട്ട് നികത്തിയ റോഡിൽ പൊടിപറക്കാതിരിക്കാൻ വെള്ളമൊഴിക്കുന്നതും ബുദ്ധിമുട്ട് ഇരട്ടിയാക്കുകയാണ്. ഇതുമൂലം തളംകെട്ടുന്ന ചെളിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് പതിവായി. വലിയ വാഹനങ്ങൾ മണ്ണിൽ പുതഞ്ഞാൽ മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടാകാറുണ്ട്.
പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെങ്കിലും ഇപ്പോഴുള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. റോഡ് പഴയപടിയാകുന്നത് വരെ മറ്റു റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ യാത്രക്കാർക്ക് ഒരുപരിധി വരെ സഹായകരമാകും.
ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടൽ
നിലവിൽ സ്ഥാപിക്കുന്നത്: ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ പൈപ്പുകൾ
മേഖല: ചെമ്മാൻമുക്ക് - വസൂരിച്ചിറ