കരുനാഗപ്പള്ളി: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആലുംകടവിൽ നിർമ്മിച്ച ഗ്രീൻ ചാനലിലേക്കുള്ള അപ്രോച്ച് റോഡിന് ശാപമോക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടായി റോഡ് തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുകയാണ്. റോഡിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ടി.എസ് കനാലിനോട് ചേർന്നുള്ള തീരസംരക്ഷണ ഭിത്തിയും പുനർ നിർമ്മിക്കുകയാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ആലുംകടവ്. ഇന്ത്യയിൽ ആദ്യമായി ഹൗസ് ബോട്ട് നിർമ്മിച്ച് നീറ്റിൽ ഇറക്കിയത് ആലുംകടവിൽ നിന്നായിരുന്നു. വിനോദ സഞ്ചാര മേഖലയിൽ ആലുംകടവിന്റെ അനന്തസാദ്ധ്യത മുന്നിൽക്കണ്ടാണ് കാൽനൂറ്റാണ്ടിന് മുമ്പ് ടി.എസ്. കനാലിന്റെ തീരത്ത് ഗ്രീൻചാനൽ നിർമ്മിച്ചത്. അന്ന് നിർമ്മിച്ച റോഡും തീര സംരക്ഷണ ഭിത്തിയും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാത്തതിനാൽ വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. ഇതിന്റെ ഫലമായി ഗ്രീൻ ചാനലിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയുടെ 35-ം ഡിവിഷനിലാണ് ഗ്രീൻ ചാനൽ സ്ഥിതി ചെയ്യുന്നത്.
കേരളകൗമുദി വാർത്ത തുണയായി
തകർന്ന് കിടക്കുന്ന റോഡിന്റെയും തകർന്ന് കായലിൽ പതിച്ച സംരക്ഷണഭിത്തിയുടെയും ദുരവസ്ഥയെ കുറിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. വാർത്ത ചർച്ചയായതോടെ ഗ്രീൻ ചാനലിലേക്കുള്ള റോഡ് പുനർ നിർമ്മിക്കാനും പുതുതായി തീരസംരക്ഷണ ഭിത്തി കെട്ടാനും ഗ്രീൻചാനലിന്റെ മുൻവശം സൗന്ദര്യ വത്കരിക്കാനും ഡി.ടി.പി.സി 45 ലക്ഷം രൂപ അനുവദിച്ചു.
സംരക്ഷണ ഭിത്തിയുടെ നിർമ്മാണം
നിലവിൽ തകർന്ന് കിടന്ന തീരസംരക്ഷണ ഭിത്തി പൂർണമായും പൊളിച്ച് നീക്കി പുതിയ സൈഡ് വാളിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. തിരമാലകൾ അടിച്ച് സംരക്ഷണ ഭിത്തി തകരാതിരിക്കാൻ കരയിൽ നിന്ന് രണ്ട് മീറ്റർ കായലിലേക്ക് ചാക്കിലാക്കിയ പാറകൾ നിറയ്ക്കും. ഇതിന് മീതേയാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം. കായലിൽ നിന്ന് കരയിലേക്ക് വരുന്ന തിരമാലകളുടെ ശക്തി പാറക്കല്ലിൽ തട്ടി കുറയുന്നതിനാൽ സംരക്ഷണഭിത്തി പൂർണമായും സംരക്ഷിക്കപ്പെടും. ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.