പത്തനാപുരം: സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിനുളളിൽ കലഹം രൂക്ഷമാകുകയാണ്. കെ.പി.സി.സി നിർവാഹക സമതി അംഗം സി.ആർ നജീബിനേയോ,ഡി .സി .സി ജനറൽ സെക്രട്ടറി ബാബുമാത്യൂവിനെയോ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി പത്തനാപുരത്ത് ബാനറും ഉയർന്നു കഴിഞ്ഞു. രണ്ട് പേരും പത്തനാപുരം മണ്ഡലം സ്വദേശികളാണ്.
ഗണേശ് കുമാറിനെ പരാജയപ്പെടുത്താൻ പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ട പകരം മണ്ഡലത്തിൽ തന്നെയുളളവർ മതി എന്നാണ് പത്തനാപുരത്ത് കെട്ടിയ ബാനറിൽ എഴുതിയിരിക്കുന്നത്.
പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജ്യോതികുമാർ ചാമക്കാല ഏതാണ്ട് 90 ശതമാനം ഉറപ്പായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബാനർ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ബാബുമാത്യൂവിന്റെ പേര് ബാനറിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ബാബു മാത്യുവിന് മത്സരിക്കാൻ താൽപര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ബാനർ ഉയർത്തിയത് ആരെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
അതേസമയം സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന തന്റെ ആവശ്യം കെ.പി.സി.സി യെ അറയിച്ചിരുന്നെങ്കിലും ഇത്തരമൊരു ബാനറിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണന്നാണ് സി.ആർ നജീബ് പറയുന്നത്.സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള പത്തനാപുരത്തെ തർക്കം അതീവ ഗൗരവത്തോടെയാണ് കെ.പി.സി.സി നേതൃത്വം നോക്കി കാണുന്നത്.
എൽ.ഡി.എഫിന് ഗണേശ് തന്നെ
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ബി. ഗണേശ് കുമാറിനെ തീരുമാനിച്ചു കഴിഞ്ഞു. ഗണേശ് കുമാറിനായി മണ്ഡലത്തിൽ ചുവരെഴുത്തുകൾ തകൃതിയായി നടക്കുന്നുണ്ട്.യു.ഡി .എഫിനായി ചുവരുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥി ആരെന്ന് തീരുമാനമാകത്തതിനാൽ ചുവരെഴുത്തോ മറ്റ് പ്രവർത്തനങ്ങളോ തുടങ്ങിയിട്ടില്ല. ജ്യോതികുമാർ ചാമക്കാല, സി .ആർ. നജീബ്, ബാബു മാത്യു, സാജു ഖാൻ, പ്രയാർ ഗോപാലകൃഷ്ണൻ, ശരണ്യ മനോജ്, ലത സി. നായർ എന്നിവരുടെ പേരുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിലുള്ളതായാണ് വിവരം.