theni-road
കൊല്ലം - തേനി ദേശീയപാതയിൽ സൗന്ദര്യ ജംഗ്ഷന് സമീപമുള്ള വളവ്

 ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ അനാസ്ഥ

കിഴക്കേക്കല്ലട: കൊല്ലം - തേനി ദേശീയപാതയിൽ രണ്ടുറോഡ് ജംഗ്ഷൻ മുതൽ പേരയം ജംഗ്ഷൻ വരെയുള്ള ഭാഗം യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെയുണ്ടായ അപകടങ്ങളിൽപ്പെട്ട് ജീവൻ പൊലിഞ്ഞവർ അനവധിയാണ്.

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത് അടുത്തിടെയാണ്. സ്കൂട്ടർ യാത്രികയായ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചതും പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ലോറി തട്ടി മരിച്ചതും അടക്കം അപകടങ്ങൾ ഇന്നിവിടെ തുടർക്കഥയായി. ചെറിയ അപകടങ്ങളും അതുമൂലം പരിക്ക് പറ്റുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട കാർ പതിനൊന്ന് കെ.വി ലൈൻ കടന്നുപോകുന്ന പോസ്റ്റ് ഇടിച്ചുതകർത്തു.

ദേശീയപാതയായി പ്രഖ്യാപിച്ച റോഡിൽ അതിനനുസൃതമായ സജ്ജീകരണങ്ങൾ ഒരുക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന ആക്ഷേപമുയരുന്നുണ്ട്. റോഡിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും മതിയായ സൂചനാ ബോർഡുകളില്ലാത്തതും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ദേശീയപാതയിൽ പുനരുദ്ധാരണം നടന്നുവരുന്ന സാഹചര്യത്തിൽ ഈ അപകടപരമ്പരയ്ക്ക് അറുതിവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കൺമുന്നിലുണ്ട് അപകടം, കരുതലുണ്ടാകണം

01. വേണ്ടത്ര വെളിച്ചമില്ലാത്തതും വിജനമായതുമായ പ്രദേശം.

02. കഷ്ടിച്ച് ആറ് മീറ്ററോളം വീതിയുള്ള ഈ ഭാഗത്ത് വളവുകൾ അനേകം.

03. അപകടസാദ്ധ്യത മുൻകൂട്ടി അറിയാൻ സൂചനാബോർഡുകൾ കുറവ്.

04. വീതികുറഞ്ഞ വളവുകളിൽ അശ്രദ്ധമായ ഓവർടേക്കിംഗ് പതിവ്.

05. റോഡിന് സമാന്തരമായി ഒഴുകുന്ന തോടും അപകടഭീഷണി ഉയർത്തുന്നു.

06. ദേശീയപാതയായതിനാൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നു.

07. ഇത്തരം വാഹനങ്ങൾ റോഡിലെ അപകടക്കെണികൾ തിരിച്ചറിയുന്നില്ല.

08. ഇടറോഡുകളിൽ നിന്ന് അശ്രദ്ധമായി വാഹനങ്ങൾ കയറിവരുന്നു.

 ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ

01. അപകടമേഖലകൾ അറിയിക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുക.

02. അമിതവേഗത നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക.

03. രാത്രികാലങ്ങളിൽ വെളിച്ചം ഉറപ്പാക്കാൻ തെരുവുവിളക്കുകൾ സ്ഥാപിക്കുക.

04. തോടിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുക.

05. ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.

06. റോഡിന്റെ വശങ്ങളിലെ കാടുകൾ നീക്കം ചെയ്യുക.

07. അപകടസാദ്ധ്യതയേറിയ ഭാഗങ്ങളിൽ വീതി വർദ്ധിപ്പിക്കുക

08. ഗതാഗതത്തിന് അസൗകര്യമായ വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുക.